മണ്ണാര്‍ക്കാട്: വീട്ടിനകത്ത് നിന്ന് നിധിയെടുത്തുനല്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍നിന്ന് 82 ലക്ഷംരൂപ വാങ്ങിയശേഷം നാലുകോടിരൂപയുടെ ഡയമണ്ടാണെന്നുപറഞ്ഞ് കല്ലുകൊടുത്ത് കബളിപ്പിച്ച വ്യാജസിദ്ധന് പിടിയില്‍. ചെര്‍പ്പുളശ്ശേരി നെല്ലായ ഇരുമ്പാലശ്ശേരി മഞ്ഞളിങ്ങല്വീട്ടില് അബ്ദുള്‍ അസീസിനെയാണ് (62) പിടികൂടിയത്. പയ്യനെടം തോട്ടാശ്ശേരി ആയിഷനല്കിയ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ-ആയിഷക്ക് പയ്യനെടത്തിന് പുറമേ കോട്ടയ്ക്കലില്‍ ഒരു വീടുണ്ട്. ഈ വീട്ടില്‍നിന്ന് നിധിയെടുത്തുനല്കാമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ പൂജനടത്താനെന്നുപറഞ്ഞ് ആയിഷയുടെ പക്കല്‍നിന്ന് രണ്ട് ഗഡുക്കളായി 82 ലക്ഷം രൂപ അസീസ് കൈപ്പറ്റി.2016 ഓഗസ്റ്റ് 7-ന് വീടും കൃഷിസ്ഥലവുമെല്ലാം വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബര്‍ രണ്ടിന് സ്വര്‍ണംവിറ്റ വകയിലുംമറ്റുമുള്ള 22 ലക്ഷം രൂപയുമടക്കമായിരുന്നു ഇതെന്ന് ആയിഷ പോലീസിനോട് പറഞ്ഞു.
തുടര്‍ന്ന്, നാലുകോടിരൂപ വിലവരുന്ന ഡയമണ്ടാണെന്നുപറഞ്ഞ് ഒരു കല്ലുകൊടുത്ത് വിശ്വാസവഞ്ചന നടത്തുകയായിരുന്നു.
ഇയാള്‍ നല്കിയ കല്ല് കോഴിക്കോട്ട് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് പണം തിരിച്ചുനല്കുന്നതിനായി ആവശ്യപ്പെട്ടു. അസീസ് 20 ലക്ഷത്തിന്റെ നാല് ചെക്ക് നല്കി. എന്നാല്‍, ഈ ചെക്കുകളെല്ലാം മടങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അസീസിന് ചെര്‍പ്പുളശ്ശേരിയിലും നിലമ്പൂരിലുമായി രണ്ട് ഭാര്യമാരുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post