ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ദീപക് ഗൗര്‍ എന്നയാള്‍ അറസ്റ്റില്‍. ഇയാള്‍ ആരക്ഷണ്‍ വിരോധി പാര്‍ട്ടിയുടെയും ആസാദ് സേനയുടെയും നേതാവാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ ദീപക് ഗൗറും സംഘവും ഭരണഘടനയുടെ പകര്‍പ്പ് കത്തിച്ചിരുന്നു.
എസ്.സി/എസ്.ടി നിയമത്തിലെ ഭേദഗതികള്ക്കെതിരെയായിരുന്നു ഇവര്‍ പ്രതിഷേധിച്ചിരുന്നത്. എസ്.സി/എസ്.ടി നിയമത്തിനെതിരെയും അംബേദ്കര്ക്കെതിരെയും ഇവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വെച്ച് തന്നെയായിരുന്നു ഭരണഘടനയുടെ പകര്‍പ്പ് കത്തിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അഖില ഭാരതീയ ഭീമ സേനയുടെ നേതാവ് അനില്‍ തന്‍വാര്‍ വീഡിയോ സഹിതം പോലീസല് പരാതി നല്‍കിയിരുന്നു.
പ്രതികള്‍ ഒളിവിലായിരുന്നുവെന്നും ദീപക് ഗൗറിനെ ഫരീദാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും ഡല്‍ഹി ഡി.സി.പി. മഥൂര്‍ വര്‍മ്മ അറിയിച്ചു. അതേസമയം കേസിലെ മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയെന്നും പോലീസ് പറഞ്ഞു.
Discussion about this post