മുംബൈ: ലോകകപ്പ് വിജയത്തിന് ശേഷം ആദ്യമായി നാട്ടിലെത്തിയ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ ആവേശത്തോടെ സ്വീകരിച്ച് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആരാധകർ. പാണ്ഡ്യയുടെ പേര് ആവേശത്തോടെ ഉരുവിടുന്ന പതിനായിരക്കണക്കിന് ആരാധകരുടെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
രോഹിത് ശർമ്മയ്ക്ക് പകരം മുംബൈ ഇന്ത്യൻസ് നായകനായി തിരഞ്ഞെടുക്കപ്പെട്ട നാൾ മുതൽ ഹിറ്റ്മാൻ ആരാധകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു 2024ന്റെ ആദ്യ പകുതിയിൽ താരം. ഐപിഎൽ കാലത്ത് സമാനതകളില്ലാത്ത പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കും 30 വയസ്സുകാരനായ ഈ ബറോഡ സ്വദേശി ഇരയായി. ട്വന്റി 20 ലോകകപ്പിൽ പാണ്ഡ്യയെ ഉൾപ്പെടുത്തിയ ബിസിസിഐയുടെ തീരുമാനം പോലും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ ഇവയ്ക്കെല്ലാം, ലോകകപ്പിലെ തന്റെ ഓൾ റൗണ്ട് പ്രകടനം കൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് താരം.
ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രകടനമാണ് പാണ്ഡ്യ നടത്തിയത്. ബാർബഡോസിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ഫൈനൽ മത്സരത്തിലെ അവസാന ഓവറിൽ 16 റൺസ് വിജയകരമായി പ്രതിരോധിച്ച് ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്തു കൊണ്ടാണ് താരം വിമർശകരുടെ വായടപ്പിച്ചത്.
തന്നെ അപമാനിച്ച ആരാധകരോട് തനിക്ക് യാതൊരു തരത്തിലും വിദ്വേഷമോ പരാതിയോ ഇല്ലെന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് പാണ്ഡ്യ പറഞ്ഞു. എല്ലാ തരത്തിലുള്ള അധിക്ഷേപങ്ങൾക്കുമുള്ള മറുപടി കളിക്കളത്തിലാണ് നൽകുകയെന്നും താരം വ്യക്തമാക്കി.
ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു. വ്യക്തിപരമായി എന്നെ കുറിച്ച് ഒരു ശതമാനം പോലും അറിയാത്തവരാണ് എന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടിയത്. എന്നെ നായയോട് വരെ അവർ ഉപമിച്ചു. അപ്പോഴൊക്കെയും ഞാൻ പിടിച്ചു നിന്നത് സ്വന്തം കഴിവിലും വ്യക്തിത്വത്തിലുമുള്ള അടിയുറച്ച വിശ്വാസം കൊണ്ടാണ്.
നിങ്ങൾ വാക്കുകൾ കൊണ്ട് പ്രതികരിക്കാതിരുന്നാൽ, അവസരങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രതികരിക്കും. എത്ര കഠിനമായ കാലഘട്ടങ്ങളും കടന്ന് പോകുക തന്നെ ചെയ്യും. വിജയിക്കുമ്പോൾ അമിതമായി ആഹ്ലാദിക്കുകയോ പരാജയപ്പെടുമ്പോൾ സ്വയം ഇകഴ്ത്തുകയോ ചെയ്യാറില്ല. സ്വയം വെളിപ്പെടുത്താൻ കൂടുതൽ മികച്ച മാർഗ്ഗങ്ങൾക്കായി കാത്തിരിക്കുകയാണ് ചെയ്യാറ്. പാണ്ഡ്യ പറഞ്ഞു.
Discussion about this post