ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 8 നും 10 നും ഇടയിൽ റഷ്യയിലും ഓസ്ട്രിയയിലും ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോസ്‌കോയിൽ സന്ദർശനം നടത്തുന്നത്. 22ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.
റഷ്യ യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് പോകുന്നത്. ഇന്ത്യ റഷ്യ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ചർച്ച ചെയ്യും എന്നാണ് വിവരം. 2022 സെപ്റ്റംബറിൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിയിലാണ് പുടിൻ അവസാനമായി പ്രധാനമന്ത്രി മോദിയെ കണ്ടത്. 2021ൽ പുടിൻ ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തിയിരുന്നു.
റഷ്യയിലെ ഉച്ചകോടി അവസാനിപ്പിച്ച ശേഷം, പ്രധാനമന്ത്രി ജൂലൈ 9, ജൂലൈ 10 തീയതികളിൽ ഓസ്ട്രിയയിലേക്ക് പോകും.1 41 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി യൂറോപ്യൻ രാജ്യത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനം കൂടിയാണിത്.
വിയന്നയിൽ നരേന്ദ്രമോദി ഓസ്ട്രിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെയെ സന്ദർശിക്കുകയും രാജ്യത്തിന്റെ ചാൻസലർ കാൾ നെഹാമറുമായി ചർച്ച നടത്തുകയും ചെയ്യും. പിന്നീട് പ്രധാനമന്ത്രി മോദിയും നെഹാമറും ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും എന്നുമാണ് വിവരം.









Discussion about this post