കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കൊടുക്കാനായി പ്രത്യേകം തയ്യാറാക്കിയ ബ്രെഡ് വില കൂട്ടി വിറ്റ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടപ്പിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തിലാണ് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്. കൊച്ചി തോപ്പുംപടി ചുള്ളിക്കലിലെ രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളാണ് അടപ്പിച്ചത്. കൊച്ചി മോഡേണ്‍ ബേക്കറിയില്‍ നിന്നും തയ്യാറാക്കിയ പ്രത്യേക ബ്രെഡുകളാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ കൂടിയ വിലയ്ക്ക് വിറ്റത്. നാട്ടുകാരായിരുന്നു ഇതിനെപ്പറ്റി അധികൃതരോട് പരാതി പറഞ്ഞത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു.
വില്‍പ്പനയ്ക്കുള്ളതല്ല എന്ന് പ്രത്യേകം എഴുതിയ ബ്രെഡ് പാക്കറ്റുകളും ഈ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിറ്റിരുന്നു. അതേസമയം വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ബ്രെഡും മറ്റു സാധനങ്ങളും മോഷണം പോകുന്നതായും പരാതി ലഭിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ചില സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും അവശ്യ സാധനങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുന്ന പ്രവണത കണ്ട് വരുന്നു. കൊച്ചി ഇടപ്പള്ളിയില്‍ വെണ്ടയ്ക്കക്ക് അമിത വില ഈടാക്കിയ കട അധികൃതര്‍ അടപ്പിച്ചിരുന്നു. തുടര്‍ന്ന് കടയിലെ പച്ചക്കറികള്‍ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ എറണാകുളത്തെ മാര്‍ക്കറ്റുകളില്‍ കടക്കാരും ജനങ്ങളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. പച്ചക്കറിക്കാണ് വില ഏറ്റവും കൂട്ടി വില്‍ക്കപ്പെടുന്നത്.
ബ്രോഡ്വേ, എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ വില കൂട്ടി വില്‍ക്കുന്നുണ്ട്. വഴിയോര കച്ചവടക്കാരും അമിതവില ഈടാക്കിയാണ് വില്‍ക്കുന്നത്. ഒരു കുപ്പി വെള്ളത്തിന് 30 മുതല്‍ 35 രൂപ വരെ ഈടാക്കുന്നുവെന്ന ജനം പരാതി പറയുന്നു. പോലീസ് ഇടപെട്ട് സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്.
ദുരന്തത്തെ മുതലെടുക്കാനുള്ള ആരുടെ ശ്രമവും അനുവദിക്കില്ലെന്നും പച്ചക്കറികള്‍ ഉള്‍പ്പെടെ ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് മിതമായ വിലയ്ക്ക് ലഭിക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ജനങ്ങള്‍് ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്.
Discussion about this post