r
പത്തനംതിട്ട: അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിനെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എംഎല്‍എ. മുന്നറിയിപ്പുകള്‍ നല്കുന്നതില് കാര്യമായ വീഴ്ച്ച സംഭവിച്ചുവെന്ന് സിപിഎം നേതാവും റാന്നി എംഎല്‍എയുമായ രാജു എബ്രഹാം കുറ്റപ്പെടുത്തി.
14ാം തീയതി രാത്രി താന്‍ പമ്പയുടെ തീരത്തുണ്ടായിരുന്നു. നദിയില്‍ ക്രമാതീതമായി വെള്ളമുയരുന്നത് കണ്ട താന്‍ റവന്യു ഉദ്യോഗസ്ഥരെ വിളിച്ച് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കൃത്യമായ മുന്നറയിപ്പ് നല്കിയിരുന്നുവെങ്കില് ജനങ്ങള്‍ ജാഗ്രത പാലിക്കുകയും വലിയ അളവില്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാമായിരുന്നു. കടക്കാര്‍ക്ക് സാധനങ്ങള്‍ മാറ്റാനും, ജനങ്ങള്‍ക്ക് വീടൊഴിയാനും സമയം കിട്ടുമായിരുന്നു. പക്ഷേ മുന്നറിയിപ്പ് നല്കാത്തതിനാല് ഇതുണ്ടായില്ലെന്നും എംഎല്‍എ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
പമ്പയില്‍ വെള്ളം പൊങ്ങുന്നത് കണ്ട് ആഗസ്റ്റ് 15ന് രാത്രി തങ്ങള്‍ മുഖ്യമന്ത്രിയെ വിളിച്ചുവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം രണ്ട് ഡാമുകള്‍ താല്കാലികമായി അടച്ചതിനാല്‍ മാത്രമാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായതെന്നും രാജു പറയുന്നു. ഡാമുകള്‍ അടച്ചില്ലായിരുന്നുവെങ്കില്‍ റാന്നിയില്‍ തന്നെ ആറായിരം,ഏഴായിരം പേര് ഒലിച്ചു പോകുമായിരുന്നു. അത്രയും വേഗതയിലും ശക്തിയിലുമാണ് നദി ഒഴുകി വന്നത്. ഒഡീഷയില്‍ ന്യൂനമര്‍ദ്ദമുണ്ടായപ്പോള്‍ തന്നെ ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറയുന്നു
. ഈ പ്രാവശ്യം ഇടുക്കി ഡാം തുറക്കുന്നതില്‍ മാതൃകാപരമായ മുന്‍കരുതലുകള്‍ ഉണ്ടായി എന്നാല്‍ പമ്പയില്‍ ശബരിഗിരി,ആനത്തോട്,കക്കി ഡാമുകളുടെ കാര്യത്തില്‍ അതുണ്ടായില്ല. ഗുരുതരമായ പാളിച്ചകളാണ് ഉണ്ടായതെന്ന് ഇതേക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും രാജു എബ്രഹാം പറഞ്ഞു
Discussion about this post