നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ നന്ദമുരി ഹരികൃഷ്ണ മരിക്കുന്നതിന് മുമ്പെഴുതിയ കത്ത് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. തന്റെ ജന്മദിനാഘോഷം ഒഴിവാക്കി ആ തുക കേരളത്തിന് നല്‍കാനാണ് അദ്ദേഹം കത്തിലെഴുതിയിരിക്കുന്നത്. നടനായ ജൂനിയര്‍ എന്‍.ടി.ആറിന്റെ പിതാവായ നന്ദമുരി ഹരികൃഷ്ണ കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദില്‍ ഒരു കാറപകടത്തില്‍ പെട്ട് മരിച്ചത്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെ തെലുങ്കാനയിലെ നല്‍ഗൊണ്ടയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു.
സെപ്റ്റംബര്‍ രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. അന്ന് ആരാധകര്‍ നടത്താനിരുന്ന ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് അതിന് വേണ്ടി കണ്ടെത്തിയ തുക കേരളത്തില്‍ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കണമെന്നായിരുന്നു അദ്ദേഹം കത്തിലെഴുതിയിരുന്നത്.
‘എന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ആരാധകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തവണ എന്റെ പിറന്നാളിന് പൂച്ചെണ്ടും പൂമാലകളൊന്നും സമ്മാനമായി വേണ്ട. അതിനായി നിങ്ങള്‍ ഉപയോഗിക്കുന്ന പണം പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനും മഴ കാരണം ബുദ്ധിമുട്ടുന്ന ആന്ധ്രയിലെ ജനങ്ങള്‍ക്കും നല്‍കൂ’- ഹരികൃഷ്ണ കുറിച്ചു.
Discussion about this post