തിരുവനന്തപുരം:കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പല്ല അരുവിക്കരിയില്‍ നടക്കാന്‍ പോകുന്നതെന്നു വി.എം. സുധീരന്‍ .അരുവിക്കരയില്‍ കെ.എസ്. ശബരീനാഥനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെഎസ്‌യു രംഗത്ത്വന്നിരുന്നു.ഈ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റിന്റെ മറുപടി.
ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയി, വി.എം.സുധീരന് കത്തു നല്‍കിയിരുന്നു. അനുഭവജ്ഞാനവും പരിചയവുമുള്ള ഏറെപ്പേര്‍ സ്ഥാനാര്‍ഥിയാവാന്‍ യോഗ്യരാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഡോ.സുലേഖ അല്ലെങ്കില്‍ വി.എം.സുധീരന്‍ സ്ഥാനാര്‍ഥിയാവണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെഎസ്‌യുവിന്റെ നിലപാട് സുധീരന്‍ പാടെ തള്ളിക്കളയാണ് ചെയ്തത്. മാത്രമല്ല കെഎസ്‌യു നിലപാടിനെതിരെ സുധീരന്‍ പരസ്യമായി രംഗത്തുവരികയും ചെയ്തിരിക്കുകയാണ്.എല്ലാവശങ്ങളും ആലോചിച്ച് എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണിത്. ഒരു തീരുമാനമെടുത്താല്‍ എല്ലാ പ്രവര്‍ത്തകരും യോജിച്ചുപോവണമെന്നും സുധീരന്‍ വ്യക്തമാക്കി
അരുവിക്കരയെ എക്കാലവും നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയ കാര്‍ത്തികേയന്റെ ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ ഈ തീരുമാനം പ്രയോജനകരമാകുമെന്ന് സുധീരന്‍ പറഞ്ഞു. കെഎസ്‌യുവിന്റെ ഭാഗമായി കോളജ് കൗണ്‍സിലില്‍ മല്‍സരിച്ചിട്ടുള്ള ശബരീനാഥന്‍ പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ്. ശബരിയുടെ രാഷ്ട്രീയ താല്‍പര്യം രാഹുല്‍ ഗാന്ധിയോട് കാര്‍ത്തികേയന്‍ സൂചിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഡോ. സുലേഖയെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായം നേരത്തെയുണ്ടായിരുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു വരാനുള്ള സാഹചര്യമല്ല ഇപ്പോഴെന്നാണ് സുലേഖ അറിയിച്ചത്. അവരുടെ കൂടി നിര്‍ദേശം പരിഗണിച്ചും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഞാനും ചര്‍ച്ച ചെയ്തുമാണ് ശബരീനാഥനെ നിശ്ചയിച്ചത്.
എതിര്‍ ചേരിയില്‍ നിന്നുള്ള വാദങ്ങളെയും വിവാദങ്ങളെയും തള്ളി ജനം യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കും. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ നാലിനെതിരെ അഞ്ചു സീറ്റുകള്‍ യുഡിഎഫ് നേടിയത് അനുകൂല സാഹചര്യത്തെയാണു സൂചിപ്പിക്കുന്നത്. കാര്‍ത്തികേയനെപ്പോലെ ഭാവനാ സമ്പന്നതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളാണു ശബരീനാഥനെന്നും സുധീരന്‍ പറഞ്ഞു
Discussion about this post