കാബൂളില്‍ ഗുസ്തി പരിശീലനത്തിനിടെ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 26പേര് കൊല്ലപ്പെട്ടു. 91പേര് ഗുരുതരമായ പരിക്കുകളോടെആശുപത്രിയിലാണ്. ബുധനാഴ്ച വൈകിട്ടോടെയാണ് ചാവേര്‍ ബോംബാക്രമണം നടന്നത്.
ഗുസ്തി പരിശീലനത്തിനുപയോഗിക്കുന്ന പായകള്‍ മുതല്‍ ബാഗുകളും വാട്ടര്‍ബോട്ടിലുകളും രക്തത്തില്‍ കുതിര്‍ന്ന് സംഭവസ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്. കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീനനത്തിനെത്തിയ ഒരു കേന്ദ്രത്തിലാണ് ഇരട്ട സ്ഫോടനം നടന്നത്. മരണപ്പെട്ടവരില്‍ പത്ത് വയസ്സോളം പ്രായമുള്ള അനേകം കുട്ടികളും അടിയന്തിര സഹായം നല്‍കാനെത്തിയ വൈദ്യസംഘത്തില്‍ ഉള്‍പ്പെട്ടവരും ഉണ്ട്.
കാവല്‍ നിന്നിരുന്ന ആയുധധാരിയല്ലാത്ത ഒരു ഗാര്‍ഡിനെ വെടിവച്ചുകൊന്നിട്ടാണ് നൂറുകണക്കിനു ഗുസ്തി പരിശീലനത്തിനെത്തിയവര്‍ കൂടിയിരുന്നയിടത്ത് ചെന്ന് ഒരു ഭീകരവാദി ആദ്യത്തെ ബോംബു പൊട്ടിച്ചത്. പരിശീനനത്തിനെത്തിയവരില് പത്ത് വയസ്സു മാത്രം പ്രായമുള്ള കൊച്ചു കുട്ടികളും ഉണ്ടായിരുന്നു.
ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ കൂടി പൊട്ടിത്തെറിയ്ക്കുകയായിരുന്നു. രക്ഷാ പ്രാവര്ത്തനത്തിനെത്തിയ വൈദ്യസംഘം മുതല്‍ സേനാംഗങ്ങള്‍ വരെയുള്ളവരെ ലക്ഷ്യമാക്കിയാണ് ഈ കാര്‍ബോംബ് പൊട്ടിച്ചതെന്ന് കരുതുന്നു.
വൈദ്യസംഘത്തിലെ അനേകമാള്ക്കാരും, പത്രപ്രവര്‍ത്തകരും രണ്ടാം സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ലോഹച്ചീളുകള്‍ തുളച്ചുകയറി അനേകമാള്‍ക്കാരുടെ സ്ഥിതി അതീവഗുരുതരമാണ്.
ഷിയ വംശജരായവര്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്താണ് സ്ഫോടനം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Discussion about this post