ആന്ധ്രാപ്രദേശില്‍ തന്ത്രപ്രധാന താവളങ്ങളൊരുക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ആന്ധ്രാ തീരത്ത് വ്യോമസേനയുടെ സാന്നിദ്ധ്യം കൂട്ടുന്നതിനും കിഴക്കന്‍ തീരങ്ങളില്‍ തന്ത്രപ്രധാനമായ താവളങ്ങളുണ്ടാക്കി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ കൂടിവരുന്ന സാന്നിദ്ധ്യം പ്രതിരോധിയ്ക്കാനാവശ്യമായ പുതിയ പദ്ധതികള്‍ ആവിഷ്കരിയ്ക്കാനുമാണ് ഈ പുതിയ നീക്കമെന്നറിയുന്നു.
പ്രകാശം ജില്ലയിലെ ദോനകൊണ്ടയില് പ്രധാനപ്പെട്ട ഹെലിക്കോപ്റ്റര്‍ പരിശീലന സംവിധാനവും അനന്തപൂര്‍ ജില്ലയില്‍ ഒരു ആളില്ലാ വിമാന നിര്‍മ്മാണ ഫാക്ടറിയും അമരാവതിയില്‍ വ്യോമസേനയുടെ സൈബര്‍ സുരക്ഷിതത്വ വിഭാഗവും രാജമുണ്ടി, വിജയവാഡ വിമാനത്താവളങ്ങള്‍ അത്യാവശ്യഘട്ടങ്ങളില്‍ വ്യോമസേനയ്ക്കും കൂടി ഉപയോഗിയ്ക്കാന്‍ കഴിയുന്നതാക്കുകയും ചെയ്യുകയാണ് ഇതിന്റെ ആദ്യഘട്ടമെന്ന് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് അറിയിച്ചു.ആന്ധ്രാപ്രദേശ് ഗവണ്മെന്റും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തിനായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.
വ്യോമസേനയ്ക്ക് നിലവില്‍ ചെന്നൈയ്ക്കടുത്ത ആരക്കോണത്താണ് താവളമുള്ളത്. വിശാഖപട്ടണത്ത് നാവികത്താവളവുമുണ്ടെന്നൊഴിച്ചാല് കിഴക്കന്‍ തീരപ്രദേശത്ത് നമ്മുടെ പ്രതിരോധ സാന്നിദ്ധ്യം അധികമില്ല. രാജമുണ്ടി, വിജയവാഡ വിമാനത്താവളങ്ങള്‍ യുദ്ധവിമാനങ്ങള്‍ക്ക് കൂടി ഇറങ്ങാന്‍ കഴിയുന്ന രീതിയില്‍ വിപുലപ്പെടുത്തുകയും പ്രകൃതി ദുരന്തങ്ങളിലും മറ്റു അടിയന്തിരഘട്ടങ്ങളിലും ഉപയോഗിയ്ക്കുന്ന വ്യോമസേനാ ഹെലിക്കോപ്റ്ററുകള്‍ ഈ വിമാനത്താവളങ്ങളോട് ചേര്‍ന്ന് സ്ഥാനമുറപ്പിയ്ക്കാനും വ്യോമസേന തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച വ്യോമസേനാ സതേണ്‍ കമാന്‍ഡ് ചീഫ് എയര്‍മാര്‍ഷല്‍ ബി സുരേഷും അദ്ദേഹത്തിന്റെ സംഘവും ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡുവിനെ ഇക്കാര്യത്തിനായി കൂടിക്കാഴ്ച നടത്തിയെന്നാണറിയുന്നത്. ദോനകൊണ്ടയില് 2700 ഏക്കര്‍ സ്ഥലവും രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഉണ്ടാക്കി ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ ഉള്ള എയര്‍ സ്ട്രിപ്പും സംസ്ഥാന ഗവണ്മെന്റ് വ്യോമസേനയ്ക്ക് കൈമാറുമെന്നറിയുന്നു.
സൂര്യലങ്കയിലെ വ്യോമസേനയുടെ നിലവിലുള്ള എയര്‍ ഫോഴ്സ് സ്റ്റേഷന് വിപുലപ്പെടുത്താനും നെല്ലൂരിലും ഭോഗപുരത്തും പുതിയതായി വരുന്ന അന്താരാഷ്ട്രവിമാനത്താവാങ്ങളില് വ്യോമസേനയ്ക്കും കൂടി സൗകര്യങ്ങളൊരുക്കാനും സംസ്ഥാന ഗവണ്മെന്റുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇതോടുകൂടി കിഴക്കന്‍ തീരത്ത് ഭാരതത്തിന്റെ ശക്തമായ വ്യോമസേനാ സാന്നിദ്ധ്യമുണ്ടാകും. ശ്രീലങ്കയില്‍ ചൈന കൈക്കലാക്കിയ ഹമ്പന്തോട തുറമുഖത്തിനോട് ചേര്‍ന്ന് ഇന്ത്യ ഒരു വിമാനത്താവളം ശ്രീലങ്കയില്‍ നിന്ന് കരാറെടുത്ത് ഹമ്പന്തോടയെ ഇന്ത്യക്കെതിരെ ഉപയോഗിയ്ക്കാനുള്ള ചൈനയുടെ പദ്ധതികള്‍ക്ക് തുരങ്കം വച്ചിരുന്നു.
Discussion about this post