ദേശീയ വനിതാകമ്മീഷനില്‍ ഹാജരാകാനുള്ള നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും പിന്‍വലിച്ചു പിസി ജോര്‍ജ്. വനിത കമീഷന് മുമ്പാകെ ഹാജരായി വിശദീകരണം നല്കിയ ശേഷം ഹരജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. ബിഷപ്പിന്റെ പീഡനത്തിനിരയായെന്ന് പരാതി നല്കിയ കന്യാസ്ത്രീക്കും സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്കുമെതിരെ പിസി ജോര്‍ജ് എംഎല്‍എ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സെപ്തംബര്‍ 20ന് ഡല്‍ഹിയിലെ വനിതാ കമീഷന് ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ വിശദീകരണം തേടാതെ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസ് നിലനില്‍ക്കുന്നതല്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ജോര്‍ജ് കോടതിയെ സമീപിച്ചത്. രണ്ടാമത്തെ തവണയാണ് ജോര്‍ജ് ഹര്‍ജി സമര്‍പ്പിക്കുന്നത്.
ചൊവ്വാഴ്ച ക്രിമിനല്‍ വകുപ്പ് ചേര്‍ത്ത് സമാന ഹരജി നല്‍കിയെങ്കിലും നിലനില്‍ക്കില്ലെന്ന് കോടതി സൂചിപ്പിച്ചതോടെ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച റിട്ട് ഹരജിയുമായി വീണ്ടും കോടതിയെ സമീപിച്ചു.
എന്നാല്‍, നോട്ടീസിലെ നിര്‍ദേശ പ്രകാരം വനിത കമീഷന് മുമ്പാകെ ഹാജരായി വിശദീകരണം നല്കിയ ശേഷം ഹരജി പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തുടര്‍ന്ന് ബുധനാഴ്ച സമര്‍പ്പിച്ച ഹരജിയും ജോര്‍ജ് പിന്‍വലിക്കുകയായിരുന്നു.
Discussion about this post