ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തിനിടെ ആറ് എച്ച്എംപിവി കേസുകൾ റിപ്പർട്ട് ചെയ്തതോടെ ആശങ്കയിലായി ജനങ്ങൾ.ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർട്ട് (ഐസിഎംആർ) രംഗത്തെത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളിൽ എച്ച്എംപി വൈറസ് നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഐസിഎംആർ അറിയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിലെ ലോക്ക്ഡൗൺ ട്രെൻഡിംഗിൽ കാര്യമില്ലെന്നും കോവിഡിന് സമാനമായ അന്തരീക്ഷമേ അല്ല ഇപ്പോഴെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഒരു തരത്തിലും ഭയപ്പെടേണ്ട കാര്യമില്ല. നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. എച്ച്എംപിവി പുതിയ വൈറസ് അല്ല അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജെപി നദ്ദ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷക്കാവശ്യമായ കാര്യങ്ങൾ കേന്ദ്രം സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്(എച്ച്എംപിവി) പുതിയ വൈറസല്ലെന്നും ഇന്ത്യയിലെ ഭൂരിഭാഗം പേരും ഈ വൈറസിനോട് പ്രതിരോധശേഷിയുള്ളവരാണെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.
2001ലാണ് ആദ്യമായാണ് എച്ച്എംപി വൈറസ് തിരിച്ചറിയുന്നത്. ന്യൂമോവിരിഡേ ഗണത്തിൽപ്പെട്ട വൈറസാണിത്. ജലദോഷം,പനി,ചുമ,മൂക്കടപ്പ്,ശ്വാസതടസ്സം തുടങ്ങിയവയാണ് ശ്വാസകോശാണുബാധയ്ക്ക് കാരണമാകുന്ന വൈറസ് ബാധയുടെ ലക്ഷണങ്ങൾ. മറ്റേത് വൈറസിനെ പോലെതന്നെ കുട്ടികളും പ്രായമായവരുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
Discussion about this post