സംസ്ഥാനത്ത് നടന്ന പേമാരിയില്‍ ഉരുള്‍പോട്ടലിലും തന്റെ അമ്മയും വീടും നഷ്ടപ്പെട്ട പ്രേമന്‍ താനും ശമ്പളം സാലറി ചലഞ്ചിന്റെ ഭാഗമായി കൊടുക്കണോയെന്ന് ചോദിക്കുകയാണ്. നിലമ്പൂരിലെ ഐ.ടി.ഡി.പി ജില്ലാ ഓഫിസിലെ നൈറ്റ് വാച്ച്മാന്‍ ആണ് പ്രേമന്‍. അരീക്കോട് ഓടക്കയം ആദിവാസി കോളനിയിലായിരുന്നു പ്രേമന്റെ വീട്. ഉരുള്‍പോട്ടലില്‍ സ്വന്തം അമ്മയും വായ്പയെടുത്ത് നിര്‍മ്മിച്ച പുതിയ വീടും പ്രേമന് നഷ്ടപ്പെട്ടിരുന്നു. പ്രേമന് തളര്‍ന്നുകിടക്കുന്ന അച്ഛനും മാനസികാസ്വാസ്ഥ്യമുള്ള മാതൃസഹോദരിയുമുണ്ട്. ഇവരോടൊപ്പം പ്രേമന്‍ ഇപ്പോള്‍ ഓടക്കയം സാംസ്‌കാരികനിലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ്.
താന്‍ മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിന്റെ ഭാഗമാകാന്‍ തയ്യാറാണെന്ന് പ്രേമന്‍ പറയുന്നുണ്ടെങ്കിലും വായ്പ തിരിച്ചടയ്ക്കാനും വീട്ടുകാരുടെ ചികിത്സ നടത്താനും വലിയ തുക വരുമെന്ന് പ്രേമന്‍ ചൂണ്ടിക്കാട്ടുന്നു. ദുരന്തബാധിതരെ ഓര്‍ക്കുമ്പോള്‍, ശമ്പളം പിടിക്കാന്‍ സമ്മതമല്ലെന്ന് എഴുതിനല്‍കുന്നത് വിഷമമാണെന്നും പ്രേമന്‍ പറഞ്ഞു.
ഓഗസ്റ്റ് 16ന് നടന്ന ഉരുള്‍പോട്ടലിലായിരുന്നു പ്രേമന്റെ അമ്മ കൊല്ലപ്പെട്ടത്. അന്ന് 5 വീടുകള്‍ തകര്‍ന്ന് 7 പേരാണ് മരിച്ചത്. അയല്‍വീട്ടില്‍ ആകെയുണ്ടായിരുന്ന 4 പേരും മരിച്ചു. പ്രേമന്റെ ഭാര്യ ശാന്ത, 4 വയസ്സുള്ള മകള്‍ പ്രബിഷ, ചെറിയമ്മ സുമതി എന്നിവരെ നാട്ടുകാര്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. സുമതിയുടെ കാലില്‍ അസ്ഥി പൊട്ടി പരിക്കും സംഭവിച്ചിരുന്നു.
10 ലക്ഷം രൂപ വായ്പയെടുത്തായിരുന്നു പ്രേമന്‍ വീട് വെച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ധനസഹായമായ 4 ലക്ഷം രൂപ സര്‍ക്കാരില്‍ നിന്നും തനിക്ക് ലഭിച്ചുവെന്ന് പ്രേമന്‍ വ്യക്തമാക്കുന്നു. എന്നാല്‍ മറ്റൊരു ഭൂമി വാങ്ങാനും വീട് വെക്കാനുമായി സര്‍ക്കാരിന്റെ സഹായം കാത്ത് നില്‍ക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി സാലറി ചാലഞ്ചുമായി മുന്നോട്ട് വന്നത്.
Discussion about this post