ഇന്ത്യന്‍ ജവാന്മാരെ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെ ഹണി ട്രാപ്പ് വിരിച്ച് പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ. ഫെയ്സ്ബുക്കിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയുമാണ് ഇവര്‍ ജവാന്മാരെ ട്രാപ്പിലാക്കുന്നത്. ഒരു ചെറിയ ലൈക്കോ, ഷെയറോ, അല്ലെങ്കില്‍ പ്രൊഫൈല്‍ ചിത്രത്തിലെ ഒരു കമന്റോ ആയി തുടങ്ങുന്ന ബന്ധം പിന്നീട് മെസഞ്ചറിലേക്കും ചാറ്റിലേക്കും ഫോണ്‍ സംഭാഷണങ്ങളിലേക്കും നീളുന്നു. ഈ ബന്ധമുപയോഗിച്ച് രാജ്യത്തിനെതിരേ ചാരവൃത്തിയ്ക്കു പോലും ചിലരെ ഉപയോഗിക്കുന്നു. ഉത്തര്‍ പ്രദേശിലെ ആന്റി ടെററിസം സ്ക്വാഡ് ഉദ്യോഗസ്ഥന് അസിം അരുണാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയത്.
കഴിഞ്ഞ ബുധനാഴ്ച ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ നിന്നും ചാരവൃത്തിയ്ക്ക് അറസ്റ്റിലായ അതിര്‍ത്തി രക്ഷാ സേനയിലെ ജവാന് അച്യുതാനന്ദ് മിശ്ര ഈ വിധത്തിലാണ് പാക്കിസ്ഥാന് ചാരസംഘടനയുടെ കെണിയിലായത്. മദ്ധ്യപ്രദേശ് സ്വദേശിയായ മിശ്ര 2006 മുതല്‍ അതിര്‍ത്തിരക്ഷാസേനാ ജവാനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മിശ്രയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ലൈക്ക് ചെയ്തതില്‍ നിന്ന് തുടങ്ങിയ സൗഹൃദമായിരുന്നു അത്. പാക്കിസ്ഥാനി പ്രതിരോധ ജേര്ണാലിസ്റ്റ് ആണെന്നായിരുന്നു വനിത പറഞ്ഞത്. തുടര്‍ന്ന് ഈ ബന്ധം ഇന്ത്യയുടെ സേനാനീക്കങ്ങളെപ്പറ്റിയുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറുന്നതില്‍ വരെയെത്തി.
ഇത്തരം വിവരങ്ങള്‍ നല്‍കുന്നത് പലപ്പോഴും അറിഞ്ഞ് കൊണ്ടാവണമെല്ലിന്നും അസിം പറഞ്ഞു. ഒരു ഫോട്ടോയോ എവിടെ നില്ക്കുന്നു എന്നതിനു മറുപടിയായയ്ക്കുന്ന ചിത്രമോ ഉപയോഗിച്ച് പല പ്രധാന വിവരങ്ങളും ലഭിക്കാന്‍ സാധിക്കും. അച്യുതാനന്ദ് മിശ്രയെ വലയിലാക്കിയ ഫെയിസ്ബുക്ക് പ്രൊഫൈലില്‍ വേറെയും രണ്ടായിരത്തോളം ഇന്ത്യാക്കാര്‍ ഫ്രണ്ട്സ് ലിസ്റ്റിലുണ്ടായിരുന്നു എന്നാണറിയുന്നത്.
സുരക്ഷാ സേനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുറമെ മറ്റ് വ്യക്തികളെയും ഇത് വഴി ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ സാമൂഹ്യമാദ്ധ്യമം വഴി പരിചയപ്പെട്ട ശേഷം പത്തൊമ്പത് വയസ്സുള്ള തൊഴില്‍ രഹിതനായ ഒരു രാജസ്ഥാന് ചെറുപ്പക്കാരനെ സേനാനീക്കങ്ങളേക്കുറിച്ചറിയാന് ഐ.എസ്.ഐ നിയോഗിച്ചിരുന്നു. പത്രപ്രവര്‍ത്തകയാണ് എന്ന് പരിചയപ്പെടുത്തിയ ഐ.എസ്.ഐ വിവരങ്ങള്‍ അന്വേഷിച്ചുതന്നാല് മാസാമാസം 4000 രൂപ നല്‍കാം എന്ന് ആ ചെറുപ്പക്കാരനു വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഇത് കൂടാതെ സേനയില്‍ ചേരാനാഗ്രഹിക്കുന്നവരെയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.
നേരിട്ടു കണ്ടു പരിചയമില്ലാത്തവരുമായി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുമ്പോള്‍ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ വ്യാജമായിരിയ്ക്കാന് എല്ലാ സാദ്ധ്യതയുമുണ്ടെന്ന് പോലീസ് അറിയിക്കുന്നു. സുരക്ഷാ സേനയിലുള്ളവര്‍ സമൂഹ മാധ്യമങ്ങളിലേര്പ്പെടുമ്പോള് ജാഗരൂകരായിരിക്കണമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post