പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ പൂര്‍ണ്ണ സഹകരണം നല്‍കുമെന്ന് ആന്റിഗ്വാ സര്‍ക്കാര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് പറഞ്ഞു. ആന്റിഗ്വയുടെ വിദേശകാര്യ മന്ത്രി ഇ.പി.ചെറ്റ് ഗ്രീനും സുഷമാ സ്വരാജും ഐക്യരാഷ്ട്രസഭയുടെ 73ാം ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്ന വേളയിലായിരുന്നു ഇക്കാര്യം ചെറ്റ് ഗ്രീന്‍ അറിയിച്ചത്.
ആന്റിഗ്വാ പ്രധാനമന്ത്രി എല്ലാ സഹകരണവും ഇന്ത്യയ്ക്ക് നല്‍കുമെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്ന് ചെറ്റ് ഗ്രീന്‍ വ്യക്തമാക്കി. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ആന്റിഗ്വ സര്‍ക്കാരിനും അത് തന്നെയാണ് ആഗ്രഹമെന്നും ഗ്രീന്‍ പറഞ്ഞു.
ചോക്സിയെ കൈമാറുന്നതില്‍ ചില നിയമപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുണ്ടെന്ന് ഗ്രീന്‍ പറഞ്ഞു.
6,000 കോടിയിലധികം രൂപ വായ്പാ ഇനത്തില്‍ തട്ടിയെടുത്ത ചോക്സി സമാനമായ രീതിയില്‍ വായ്പ തട്ടിയെടുത്ത രത്ന വ്യപാരിയായ നീരവ് മോദിയുടെ അമ്മാവനാണ്. ജനുവരി നാലിനായിരുന്നു ചോക്സി ഇന്ത്യയ്ക്ക് പുറത്ത് പോയത്. തുടര്‍ന്ന് ചോക്സി ആന്റിഗ്വ പൗരത്വം എടുക്കുകയായിരുന്നു. അതേസമയം ചോക്സിയുടെ പാസ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ റദ്ദാക്കിയിരുന്നു.
Discussion about this post