ആഴത്തിലുള്ള മതവിശ്വാസങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് വേണ്ടി ആഴത്തില്‍ വേരൂന്നിയ മതവിശ്വാസങ്ങളെ മാറ്റരുതെന്ന് ഇന്ദു മല്‍ഹോത്ര തന്റെ വിധിയില്‍ പറഞ്ഞു. അഞ്ചംഗ ബെഞ്ചില്‍ നാല് പേരും ഒരേ അഭിപ്രായം പുറപ്പെടുവിച്ചപ്പോള്‍ ഇന്ദു മല്‍ഹോത്ര മാത്രമാണ് എതിരഭിപ്രായവുമായി മുന്നോട്ട് വന്നത്.
മതവികാരങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നായിരുന്നു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. ശബരിമലയ്ക്കും അവിടെയുള്ള ആരാധനാ മൂര്‍ത്തിക്കും ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം സംരക്ഷണമുണ്ടെന്നും വേര്‍തിരിച്ചുള്ള രീതികള്‍ പിന്തുടരുന്ന വിഭാഗങ്ങളെ ഒരു മതത്തിലെ പ്രത്യേക വിഭാഗമായി കാണേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് പ്രകാരം അയ്യപ്പ ഭക്തന്മാരെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും അവര്‍ പറഞ്ഞു.
മതങ്ങള്‍ എന്ത് വിശ്വാസങ്ങളാണ് പിന്തുടരേണ്ടതെന്നത് മതങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഇത് വ്യക്തിവിശ്വാസത്തിന്റെ വിഷയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വിശ്വാസങ്ങള്‍ വിവേകത്തിന് ഉള്ക്കൊള്ളാനാകാത്തതാണെങ്കിലും അവ പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നല്‍കേണ്ടതെന്നും അവര്‍ വിധി പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post