കാളിയമ്പി
ഹയ്യപ്പോ!
മൂവന്തിയ്ക്കും പണിയെടുത്ത് തളര്‍ന്ന് കൈയ്യിലിരുന്ന കൈക്കോട്ടൊന്ന് താഴെവയ്ക്കുമ്പോള്‍ കേരളത്തിന്റെ ചുണ്ടില്‍ നിന്നിറ്റുവീഴുന്ന വിയര്‍പ്പുതുള്ളികള്‍ക്ക് ഈ ശ്രുതിയായിരുന്നു എന്നും… ആശ്വാസത്തിന്റെ, അടുത്തൊരു ചാലു കീറാനുള്ള ആര്‍ജ്ജവത്തിന്റെ, പുതിയൊരു വഴിവെട്ടാന്‍ വിയര്‍പ്പുരുകുമ്പോള്‍ കന്യാകുമാരിമുതല്‍ ഗോകര്‍ണ്ണംവരെയുള്ള ഗ്രാമഗ്രാമാന്തരങ്ങളില്‍ മനുഷ്യരെ ഒരുമിപ്പിച്ചിരുന്ന ഒരൊറ്റ മന്ത്രം. അയ്യപ്പോ!
അയ്യപ്പന്‍ ഒരു ശരാശരി ദൈവമല്ല കേരളീയന്. വലിയൊരു പരിധിവരെ അടുത്തുകിടക്കുന്ന മറ്റു സംസ്ഥാനക്കാര്‍ക്കും. നൂറ്റാണ്ടുകളായി രക്തത്തിലലിഞ്ഞുചേര്‍ന്ന മൂല്യമാണയ്യപ്പന്‍. എത്രയോ തലമുറകളിലൂടെ ജനിതകത്തില്‍ പടര്‍ന്ന് കയറിയ ഗോത്രപ്പെരുമയുടെ ഏകതാമന്ത്രം.
ശബരിമലയെന്നത് വെറുമൊരു ക്ഷേത്രമല്ല, സവിശേഷമായ ഒരു ആചാരത്തിന്റെ, കേരളത്തിലെപ്പോഴോ നിലനിന്നിരുന്ന വലിയൊരു സംസ്‌കാരത്തിന്റെ ബാക്കിപത്രമായിരുന്നു അത്.
ഈഴവപ്രമാണികള്‍ നടത്തിയിരുന്ന ആലപ്പുഴ മുഹമ്മയിലെ ചീരപ്പന്‍ചിറ കളരിയില്‍ വന്ന് പഠിച്ച മണികണ്ഠന്‍. ദേശവാസികളെ മാത്രമേ കളരിയിലെടുക്കൂ എന്ന ചീരപ്പഞ്ചിറ കളരിയിലെ നിയമമറിഞ്ഞ് വഴിയമ്പലത്തില്‍ നിരാശനായിരുന്ന മണികണ്ഠനെ സ്വന്തം സഹോദരനായ ശബരിയാണെന്ന പേരില്‍ ആ കളരിയില്‍ ചേര്‍ത്തത് അന്നാട്ടുകാരനായ വെളുത്ത എന്ന അരയസമുദായത്തിലെ യുവാവാണ്.

വെളുത്തയുടെ സഹോദരനായി കളരിയില്‍ നിന്ന് പഠിച്ച് പോയ മണികണ്ഠന്‍ പിന്നീട് ഒരിയ്ക്കല്‍ക്കൂടി ചീരപ്പഞ്ചിറ കളരിയില്‍ എത്തി…കാട്ടുകൊള്ളക്കാരന്‍ ഉദയനനെതിരേ യുദ്ധസന്നാഹത്തിനു ഗുരുവില്‍ നിന്ന് അനുവാദം ചോദിക്കാനും അനുഗ്രഹം വാങ്ങാനുമായിരുന്നത്. ഗുരുവും കുടുംബവും തറവാടായ കടത്തനാട്ടേയ്ക്ക് പോയിരിയ്ക്കുകയായിരുന്നു. ഗുരു അവിടെയില്ലാഞ്ഞ് തന്റെ ഉടവാളും അരക്കച്ചയും കളരിയില്‍ യാത്രാമൊഴിയായി വച്ച് അയ്യപ്പന്‍ മലയിലേക്ക് നടന്നുകയറി.
കടത്തനാടുനിന്ന് തിരികെയെത്തിയ ഗുരുവും കുടുംബവും അയ്യപ്പസ്വാമികളുടെ അരക്കച്ചയും ഉടവാളും കളരിയിലിരിയ്ക്കുന്നത് കണ്ട് കാര്യമന്വേഷിയ്ക്കാന്‍ വെളുത്തയെ കടപ്പുറത്തു ചെന്ന് കണ്ടു. വെളുത്തയാണ് എല്ലാവരും എരുമേലിയില്‍ ഉദയനനെ തുരത്താനായി തമ്പടിച്ചിരിയ്ക്കുകയാണ് എന്ന് ചീരപ്പഞ്ചിറ കാരണവരെ അറിയിച്ചത്. ചീരപ്പഞ്ചിറ തറവാട്ടിലെ സൈന്യത്തെ ഉടനേ തന്നെ അയ്യപ്പനെ സഹായിയ്ക്കാനായി ഗുരു എരുമേലിയ്ക്ക് പറഞ്ഞയച്ചു.ആ ഉടവാളും അരക്കച്ചയും ഇന്നും ചീരപ്പഞ്ചിറ കളരിയിലുണ്ട്. അയ്യപ്പന്‍ വെറുമൊരു മിത്തല്ല.
കാട്ടുകള്ളന്മാര്‍ക്കെതിരേയുള്ള ഒരു യുദ്ധവും അയ്യപ്പന്മാര്‍ക്ക് പുത്തരിയല്ല താനും. യോഗമൂര്‍ത്തിയായ ചിന്മുദ്രാധാരി മാത്രമല്ലയ്യന്‍. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം വാളെടുത്ത് തലകള്‍ കൊയ്തുവീഴ്ത്തിയ പതിനെട്ടടവുകളുടേയും കളരിവിദ്യയുടേയും അകം പൊരുളറിഞ്ഞ യുദ്ധമൂര്‍ത്തി കൂടിയാണയ്യപ്പന്‍. നായരും ഈഴവനും അരയനും പുലയനും എല്ലാമടങ്ങുന്ന ഈ നാട്ടിലെ സകലജാതികളേയും ഒരുമിച്ച് ചേര്‍ത്ത് കാട്ടുകള്ളന്മാര്‍ക്കെതിരേ പടനയിച്ച സേനാപതി.
പന്തളം രാജാവിനു കാട്ടില്‍ നിന്ന് കിട്ടിയ വളര്‍ത്തുമകന്‍… ഈഴവനായ ഗുരുവിന്റെ കീഴില്‍ അരയന്റെ അനുജനെന്ന് പറഞ്ഞ് പയറ്റു പഠിച്ച് മലയരന്മാരും വനവാസികളുമുള്‍പ്പെടെ ഈ നാട്ടിലെ എല്ലാ ജാതിക്കാരുമുള്‍ക്കൊള്ളുന്ന സംഘമുണ്ടാക്കി അനീതിയ്‌ക്കെതിരേയും കാട്ടു കൊള്ളയ്‌ക്കെതിരേയും പടപൊരുതിയ യോദ്ധാവാണയ്യന്‍. എന്തിനാണധികം പറയുന്നത്? ഈ കേരളനാടിന്റെ ഒരുമയാണ് ഏകതയാണയ്യപ്പന്‍.
കേരളത്തിലങ്ങോളമിങ്ങോളം ജാതിവ്യവസ്ഥയെന്ന ദുരാചാരം എത്രയോ രൂഢമൂലമായിരുന്ന സമയത്തും ഈ ജനതയെ ഒരുമിപ്പിച്ച മൂര്‍ത്തിയാണയ്യപ്പന്‍. എന്നും എപ്പോഴും ഒരു ക്ഷേത്രപ്രവേശനവിളംബരത്തിന്റേയും സഹായമില്ലാതെതന്നെ ഏത് ജാതിയെന്ന് വ്യത്യാസമില്ലാതെ മണ്ഡലവ്രതമെടുക്കുന്നവനെല്ലാം സ്വാമിയാകുന്ന മായാജാലം…അന്നത്തെ സമൂഹത്തിലതൊരു മായാജാലം തന്നെയായിരുന്നു.
ഉച്ചനീചത്വങ്ങളുടെയും അയിത്തത്തിന്റേയും സമയത്ത് അമ്പലത്തിനകത്ത് കയറാന്‍ പിന്നോക്കമെന്ന് മുദ്രകുത്തിയിരുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ വ്യാഴവട്ടം കാത്തുനിന്നാലും കഴിയില്ലെന്ന അവസ്ഥയുണ്ടായിരുന്ന സമൂഹത്തിലാണ് ജാതിഭേദമന്യേ അരയനും നമ്പൂതിരിയും പുലയനും ഈഴവനും നായരും സാംബവനുമെല്ലാം അയ്യപ്പന്റെ സന്നിധിയില്‍ സ്വാമിമാരായി വ്രതമെടുത്തത്. എല്ലാ ഭേദവും മറന്ന് ഒരുമിച്ച് സ്വാമിയേ ശരണമെന്ന് ജപിച്ച് മലചവുട്ടിയത്.
ഓര്‍മ്മയുണ്ടാകും… നമ്മുടെ ഓര്‍മ്മകള്‍ക്ക് ആയുസ്സ് കുറവാണ് എങ്കിലും ഓര്‍മ്മയുണ്ടാകും. എന്താണ് നാം ശബരിമലയെ വിളിച്ചിരുന്നത്? ഒരു ജാതിമതഭേദവുമില്ലാതെ മൂര്‍ത്തിയും ഭക്തനും സര്‍വചരാചരങ്ങളുമൊന്നാവുന്ന കാനനസങ്കേതം എന്നല്ലേ. ദേഹബലം തരും പാദ ബലം തരും ദേവനാം അയ്യന് ജാതിയില്ല, ഒരുമയോടുകൂടി ഒഴുകി വന്നിടുന്നു, ഒരു വചസ് ഞങ്ങള്‍ ഒരുമനസ്സു ഞങ്ങള്‍ക്കൊരു വപുസ്സു ഞങ്ങക്കൊരു തരം വിചാരം, അഖിലരും വരുന്നു പൊന്‍ ചരണം തേടി എന്നൊക്കെയല്ലേ കാസറ്റില്‍പ്പോലും പാടിയത്.
എന്നാണാ ഒരുമയുടെ ശബരിമല ലൈംഗിക വിവേചനത്തിന്റെ ശബരിമലയായത്?
ആലോചിയ്‌ക്കേണ്ടുന്ന ചരിത്രമാണത്.
രണ്ടുതവണയാണ് ഈ ക്ഷേത്രം തീവച്ചു നശിപ്പിയ്ക്കപ്പെട്ടത്. ആയിരം മുറിവുകളുടെ യുദ്ധം എന്ന് കേട്ടിട്ടുണ്ട്. നേരിട്ടുവരാന്‍ പേടിയായ കഴുതപ്പുലികള്‍ ഒരോരോ ചെറിയ മുറിവുകളുണ്ടാക്കി ഇരയെ തളര്‍ത്തി ദിവസങ്ങളോളം വേട്ടയാടി കൊല്ലുന്ന കഥ. ആ ആയിരം മുറിവുകളുടെ യുദ്ധമാണിവിടെ നടക്കുന്നത്.
ആരാണീ ക്ഷേത്രം തീവച്ചുനശിപ്പിച്ചത്? എന്തായാലും തീവച്ചുനശിപ്പിച്ചതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഇന്ന് വരെ വെളിച്ചം കണ്ടിട്ടില്ല. 1957ല്‍ നിയമസഭയില്‍ വച്ച ആ റിപ്പോര്‍ട്ട് പിന്നീട് നീക്കം ചെയ്യുകയും നശിപ്പിയ്ക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് 1957 ല്‍ ദേശബന്ധു എന്ന പത്രം ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.
പോലീസ് റിപ്പോര്‍ട്ട് പ്രകാരം പതിനഞ്ച് വെട്ടുകളായിരുന്നു ശ്രീകോവിലില്‍ ഉണ്ടായിരുന്നത്. വിഗ്രഹം പൂര്‍ണ്ണമായും തച്ചുടച്ചു. ക്ഷേത്രവും പുരകളും നിശ്ശേഷം വെന്തെരിഞ്ഞു. അവിടെ നെയ്പ്പാട്ടകളിലിരുന്ന നെയ്യൊഴിച്ചാണ് ക്ഷേത്രം കത്തിച്ചത്. കത്തിയ്ക്കാനുപയോഗിച്ച തുണിയും നെയ്യുമെല്ലാം അവിടെ ബാക്കിയുണ്ടായിരുന്നു. ഒരു പീടികമുറി കത്തിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷപോലും ഉണ്ടായില്ല. ഒരൊറ്റയാളെ ശിക്ഷിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഒരുത്തനും ചോദിച്ചില്ല.
1950 മേയ് പന്ത്രണ്ടിനാണ് ഹിന്ദുമഹാമണ്ഡലം ചര്‍ച്ചകള്‍ തുടങ്ങിയത്. എല്ലാ ജാതിവിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കളേയും ഒരുമിച്ചുകൊണ്ടുവരുവാനായി ആര്‍ ശങ്കറും മന്നത്തു പത്മനാഭനും ഉള്‍പ്പെടെയുള്ള ഹിന്ദുക്കളിലെ എല്ലാ വിഭാഗം ജാതിയിലുള്ളവരും ഹിന്ദുമഹാമണ്ഡലം രൂപീകരിച്ച് ദിവസങ്ങള്‍ കഴിയും മുന്‍പാണ് ശബരിമല തീവച്ച് നശിപ്പിയ്ക്കപ്പെട്ടത്.
അതായത് അയ്യപ്പനുശേഷം ചരിത്രത്തിലാദ്യമായി കേരളത്തിലെ സകല ഹൈന്ദവരും ജാതിക്കപ്പുറമായി ഒരുമിയ്ക്കാന്‍ തീരുമാനിച്ചതിനു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അതിനു മാര്‍ഗ്ഗദര്‍ശകമാകേണ്ട ഒരു പുണ്യ ക്ഷേത്രം തീവച്ചു നശിപ്പിച്ചു. ക്ഷേത്രമല്ല തീവച്ചത്, ക്ഷേത്രത്തെയല്ല ആ മഹാപാപികള്‍ ഭയന്നത്…ഈ നാട്ടിലെ ഹൈന്ദവരുടെ ഒരുമയേയാണ് എന്ന് വ്യക്തമല്ലേ?
പിന്നീടാ ക്ഷേത്രം പുനരുദ്ധാരണം ചെയ്ത് പഴയതിലും കൂടുതല്‍ വൈഭവത്തിലെത്തിയപ്പോള്‍ പത്ത് മുപ്പത് കൊല്ലം കഴിഞ്ഞ് അതിന്റെ പുണ്യമായ പൂങ്കാവനത്തിന്നകത്ത് ഒരു കുരിശു കുഴിച്ചിട്ട് ഭരണകൂടത്തിനൊപ്പം ഗൂഡാലോചന ചെയ്ത് അവിടം കൈക്കലാക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ്സുകാരനായ കരുണാകരന്‍ ആദ്യം അയ്യപ്പന്റെ പൂങ്കാവനം പള്ളിക്കാര്‍ക്കെഴുതിക്കൊടുക്കുകയാണ് ചെയ്തത്.
അതിനെ ശക്തിയുക്തം ഇവിടത്തെ ജനങ്ങള്‍, ഹൈന്ദവര്‍ എതിര്‍ത്തപ്പോള്‍…ആയിരങ്ങള്‍ തല്ലുകൊണ്ട് ജയിലിലായപ്പോള്‍, വഴിയ്ക്ക് വരേണ്ടിവന്നു കരുണാകരനും പള്ളിയ്ക്കും പട്ടക്കാര്‍ക്കും.
ഒന്നടങ്ങി എന്ന് കരുതിയിരുന്ന ബഹളം ഈയിടെയായി മുല്ലപ്പെരിയാര്‍ ഡാം ഇപ്പൊപ്പൊട്ടും നാളെപ്പൊട്ടും തമിഴര്‍ നമ്മളെ കൊല്ലുന്നു എന്ന വംശീയത പെരുപ്പിച്ച് മണ്ഡലകാലമാകുമ്പോള്‍ മലയാളികളേയും തമിഴരേയും തമ്മിലടിപ്പിക്കാന്‍ നോക്കി ഉയര്‍ന്ന് വന്നിരുന്നു. മണ്ഡലകാലം കഴിഞ്ഞാല്‍ അത്യത്ഭുതകരമായി മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാകും!
ഓര്‍ക്കുക, വാര്‍ ഓഫ് തൗസന്റ് കട്‌സ് ആണ്. ആയിരം മുറിവുകളുടെ യുദ്ധം. ഓരോ ചെറുമുറിവും പഴുക്കാനോ, സെപ്റ്റിക്കാവാനോ ഒക്കെ സാദ്ധ്യതയുണ്ട്. ഇങ്ങനെ ഓരോരോ ചെറുമുറിവുകളായി നമ്മെ തകര്‍ക്കുകയാണ്… തളര്‍ത്തുകയാണ്.
അതിലവസാനത്തെ മുറിവാണ് സ്ത്രീവിവേചനമെന്ന മുറിവ്. കത്തിച്ചാലോ, കുരിശു കുഴിച്ചിട്ടാലോ ഒന്നും കിട്ടാത്ത ഗുണമുണ്ടായെന്ന് തോന്നും വിധം വലിയ മുറിവ്. അത് അയ്യപ്പനെന്നും ശബരിമലയെന്നുമുള്ള സങ്കല്‍പ്പത്തിന്റെ ഹൃദയത്തില്‍ത്തന്നെ കയറ്റിയ കത്തിയാണത്.
അല്‍പ്പം വിശദമാക്കണം.
കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉണ്ടായിരുന്ന അയിത്താചാരമെന്ന നീചമായ വ്യവസ്ഥ ഇല്ലാതിരുന്ന ഒരു മഹാക്ഷേത്രമാണ് ശബരിമല. അതായത് വിവേചനം എന്ന കാര്യം ഒട്ടുമില്ലാത്ത ഇടം. ആരേയും ഒന്നിനേയും വിവേചനമില്ലാത്ത, എന്തിനു സ്ത്രീയെന്നും പുരുഷനെന്നുമല്ല, മനുഷ്യനെന്നും മൃഗമെന്നും പോലും വിവേചനമില്ലാത്ത ഇടം. അതിനെ തകര്‍ക്കാന്‍ എന്താണ് വഴി? അവിടെ വിവേചനമുണ്ടെന്ന് സ്ഥാപിയ്ക്കുക…ലളിതമല്ലേ?
നൈഷ്ഠികബ്രഹ്മചര്യം എന്ന പൗരാണിക ഭാരതീയ സങ്കല്‍പ്പത്തെയാണ് ഇവിടെ തുരങ്കം വയ്ക്കുന്നത്. അയ്യപ്പന്‍ എന്ന മൂര്‍ത്തിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് നൈഷ്ഠിക ബ്രഹ്മചര്യം. ശ്രീരാമദേവന്‍ മര്യാദാപുരുഷോത്തമനെന്നപോലെ, ഏകപത്‌നീവ്രതക്കാരനെന്നപോലെ അയ്യപ്പസ്വാമികള്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.
അത് ആകാശത്തുനിന്ന് പൊട്ടിവീണ സങ്കല്‍പ്പമൊന്നുമല്ല. കൃത്യമായ വ്യക്തമായ ചിട്ടകളുണ്ട് നൈഷ്ഠിക ബ്രഹ്മചര്യത്തിന്. അഷ്ടവിധമൈഥുനങ്ങളൊഴിവാക്കിയവനാണ് നൈഷ്ഠിക ബ്രഹ്മചാരി. അല്ലാതെ അത് വളരെ അബ്‌സ്ട്രാക്ട് ആയ ഒരു നിര്‍വചനമൊന്നുമല്ല.
ആരോടും മാറി നില്‍ക്കാന്‍ പറയുന്നവനല്ല, എല്ലാവരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവനാണ് നൈഷ്ഠിക ബ്രഹ്മചാരി. അത് കാലാകാലങ്ങളായി ഈ നാടിന്റെ രീതിയാണ്. ഒരാള്‍ എല്ലാവരില്‍ നിന്നും ഒഴിഞ്ഞ് ആളും പേരുമില്ലാത്ത ഒരു കൊടും കാട്ടില്‍ വാസത്തിനു പോയാല്‍ അയാളെങ്ങനെയാണ് വിവേചനം ചെയ്യുന്നയാളാകുന്നത്?
ആര്‍ക്കെങ്കിലും എന്തെങ്കിലും കുറവുകള്‍ ആരോപിച്ച് നിങ്ങള്‍ മാറിനില്‍ക്കൂ എന്ന് പറയുമ്പോഴാണ് വേര്‍തിരിവാകുന്നത്. ഇത് ആര്‍ക്കും ഒരു കുറവുമില്ല, നമ്മുടെ സംസ്‌കാരത്തിലുള്ള ഒരു യോഗസാധനയുടെ സങ്കല്‍പ്പത്തില്‍ ഒരു മൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ജനപഥത്തിന്റെ നടുക്കല്ല, മൂര്‍ത്തിയല്ലാതെ ഇനി മനുഷ്യനായാലും നൈഷ്ഠിക ബ്രഹ്മചര്യം ശീലിയ്ക്കുകയാണെങ്കില്‍ അയാള്‍ ആദ്യം ചെയ്യുന്നത് ഒരു കാടിന്റെ നടുക്കേക്കോ ജനവാസമില്ലാത്ത ഗുഹയിലേക്കോ ഒക്കെ പോവുകയാവും. സമൂഹത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണത്. സമൂഹത്തെ ഒഴിവാക്കുകയല്ല.
സമൂഹത്തിനെന്തെങ്കിലും കുറവുണ്ടായിട്ടല്ല, അത് അവരുടെ പ്രത്യേകമായ ഒരു യോഗസാധനയുടെ രീതിയാണ്. ശബരിമലയിലും ആ മൂര്‍ത്തിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ നിന്നൊഴിഞ്ഞ് കാട്ടിനു നടുക്ക് അയ്യപ്പന്‍ പോയിരിയ്ക്കുന്നു. നൈഷ്ഠികബ്രഹ്മചര്യവ്രതമെടുത്തവര്‍ ആ വ്രതത്തിന്റെ രീതിയാല്‍ത്തന്നെ യുവതീസാമീപ്യമൊഴിവാക്കും, അവരെ അംഗീകരിയ്ക്കുന്ന ഒരു യുവതിയും അങ്ങനെയുള്ളവരെ ശല്യപ്പെടുത്താന്‍ പോകാറില്ല എന്ന ലളിതയുക്തിയാണവിടെ കാരണം.അയ്യപ്പനു ചേരുന്ന വ്രതമെടുത്ത് ചിലര്‍ അദ്ദേഹത്തെ കാണാന്‍ വര്‍ഷത്തിലൊരിയ്ക്കല്‍ പോകുന്നു.
അവിടെയാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്ന കാട്ടുകള്ളന്മാര്‍ വിവേചനം എന്ന കപടാസ്ത്രം അയ്യപ്പനു നേര്‍ക്കയയ്ക്കുന്നത്. അവിടെയാണ് അയ്യപ്പന്‍ എന്താണോ അതിന്റെ കടയ്ക്കല്‍ തന്നെ കത്തി വയ്ക്കുന്ന രീതിയില്‍ ആര്‍ത്തവമെന്നും വ്രതം പൂര്‍ത്തിയാക്കാനാകില്ലയെന്നും യുവതികള്‍ക്ക് വ്രതത്തിനു കഴിവില്ല എന്നുമൊക്കെപ്പറഞ്ഞ് അയ്യപ്പന്റെ മഹിമ കളയുന്നത്.
ഓര്‍ക്കുക…ആ വാദങ്ങളൊന്നും യാദൃശ്ചികമായിരുന്നില്ല.
പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ മധുരമൊഴിവാക്കി വ്രതമെടുത്താലത് മധുരത്തോട് വെറുപ്പോ മധുരത്തോട് വേര്‍തിരിവോ ആണെന്ന് ചിലര്‍ വിളിച്ചുകൂവിയാല്‍ സത്യമാവുമോ?
പതിനായിരത്താണ്ടുകളായുള്ള ഭാരതത്തിലെ യോഗസാധനയുടെ രീതിയാണ് നൈഷ്ഠികബ്രഹ്മചര്യം മുതല്‍ സന്യാസം വരെയുള്ള പൊതുസമൂഹത്തില്‍ നിന്ന് ഏറിയോ കുറഞ്ഞോ ഒഴിവായിനിന്നുള്ള ആത്മീയരീതികള്‍. ആ സകല ആത്മീയരീതികളെക്കൂടി വേര്‍തിരിവ് എന്ന വലിയ ആയുധം കൊണ്ട് അടിച്ചുതകര്‍ക്കുകയാണ് ശബരിമലയില്‍ വേര്‍തിരിവ് ആരോപിയ്ക്കുമ്പോള്‍ ഉണ്ടാകുന്നത്. തീവച്ചും കുരിശുകുഴിച്ചിട്ടും ഈ ദിവ്യസങ്കേതത്തെ തകര്‍ക്കാന്‍ നോക്കിയിട്ട് നടക്കാഞ്ഞത് ഇപ്പോള്‍ നടക്കുകയാണ്.
ഇന്നലത്തെ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസിന്റെ ഒരു ലേഖനമുണ്ട്. ശബരിമലയില്‍ അയാളുടേതുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തിയ ചില ആചാരലംഘനങ്ങള്‍…തീര്‍ച്ചയായും കഠിനമായി എതിര്‍ക്കേണ്ടത് തന്നെയാണ്…ചൂണ്ടിക്കാണിച്ച് ഹിന്ദുക്കളിലെ ജാതികള്‍ തമ്മില്‍ വൈരമുണ്ടാക്കാന്‍ വ്യക്തമായി ആഹ്വാനം ചെയ്യുകയാണതില്‍. ഇതേ ജോണ്‍ ബ്രിട്ടാസ് തന്നെയാണ് ഹിന്ദുക്കള്‍ക്ക് മുന്നേ കേരളത്തിന്റെ അവകാശികളായ ക്രിസ്ത്യാനികളെപ്പറ്റി പണ്ടൊരിയ്ക്കല്‍ വാചാലനായത്.
ആലോചിയ്ക്കുക.
തൊട്ടുമുന്നേ മറ്റൊരു കമ്യൂണിസ്റ്റ് ഫെയിസ്ബുക്ക് താത്വികന്‍ ഹിന്ദുക്കളെ ജാതികളായി തമ്മിലടിപ്പിച്ച് പിണറായി സര്‍ക്കാര്‍ ഈ കാര്യത്തില്‍ മൈലേജ് ഉണ്ടാക്കണം എന്ന് പരസ്യമായി സാമൂഹ്യമാദ്ധ്യമങ്ങളില്‍ എഴുതിയിട്ടത് നാമെല്ലാം കണ്ടതാണ്. അതിനു പിറകേയാണ് ബ്രിട്ടാസിന്റെ ഈ ലേഖനത്തിലെ ജാതിസ്പര്‍ദ്ധയുണ്ടാക്കാന്‍ ഒളിച്ചുവച്ച വാചകങ്ങള്‍..
അതായത് ഹിന്ദുമഹാമണ്ഡലം രൂപീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തീവച്ചുനശിപ്പിയ്ക്കപ്പെട്ടപ്പോഴെന്ന പോലെ ഇന്ന് യുവതീപ്രവേശനമെന്ന പേരില്‍ വിവാദങ്ങളുണ്ടാക്കിയിട്ടും ലക്ഷ്യമിടുന്നത് ഒരേ ഒരു കാര്യമാണ്. ഈ നാട്ടിലെ ഹൈന്ദവ ഏകീകരണം. ഈ നാട്ടിലെ ഹിന്ദുക്കളെ എന്നും വിഭജിച്ച് ഭരിയ്ക്കണം. ഈ നാട്ടിലെ ഹിന്ദുക്കളെ എന്നും അടിമകളാക്കി അവന്റെ എല്ലാമെല്ലാം അനുഭവിയ്ക്കണം.
എന്താണീ നാട്ടില്‍ ഹിന്ദുക്കള്‍ ഇങ്ങനെ ചവുട്ടിമെതിക്കപ്പെടേണ്ട വര്‍ഗ്ഗമാണോ? ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്ത രീതിയില്‍ പരസ്പരം ജാതിസ്പര്‍ദ്ധയുണ്ടാക്കി തമ്മിലടിപ്പിയ്ക്കാന്‍ യാതൊരു നാണവുമില്ലാതെ പരസ്യമായി ആഹ്വാനം ചെയ്ത് അഴിഞ്ഞാടുന്ന താത്വികന്മാരെ നോക്കി നട്ടെല്ലില്ലാതെ റാന്‍ മൂളി നില്‍ക്കേണ്ടുന്ന വെറും നികൃഷ്ടജീവികളാണോ ഈ നാട്ടിലെ ഹൈന്ദവര്‍?
പി കേ ശ്രീമതി ഇന്നലെ പറഞ്ഞത് ക്ഷേത്രങ്ങളില്‍ പോകുന്ന സ്ത്രീകള്‍ ശരീരഭാഗങ്ങള്‍ പുരുഷന്മാരെ കാട്ടാനാണ് അവിടെപ്പോകുന്നത് എന്നാണ്
പരസ്യമായി നമ്മോട് വിരോധമുള്ളവരെപ്പറ്റി നമ്മളിങ്ങനെ പറയുമോ? നമ്മുടെ ശത്രുക്കളെപ്പോലും നമ്മളിങ്ങനെ ചവുട്ടിത്തേയ്ക്കുമോ? ഇത്രയ്ക്ക് ദേഷ്യമാണൊ ഇവര്‍ക്കീ ഹൈന്ദവരോട്? എന്ത് വിചാരമാണിവരെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിയ്ക്കുന്നത്? അത്ര ഗതികെട്ട സമൂഹമാണോ നമ്മള്‍? ലോകത്ത് ഏതെങ്കിലുമൊരിടത്ത് ഏതെങ്കിലുമൊരു സമൂഹത്തെപ്പറ്റി ആരെങ്കിലുമിങ്ങനെ പറയുമോ?
ഹിന്ദു സമൂഹത്തെ മുഴുവന്‍… അമ്പലത്തില്‍പ്പോകുന്ന സ്ത്രീകളെ മുഴുവന്‍ ഭര്‍ത്സിച്ചു കൊണ്ട് കുറച്ചുനാള്‍ മുന്‍പ് നോവലെഴുതിയപ്പോള്‍ അന്ന് പലവിധന്യായങ്ങളും യുക്തികളുമൊക്കെ പലരും പറഞ്ഞിരുന്നു. കേരളത്തില്‍ അത് ആവിഷ്‌കാരസ്വാതന്ത്ര്യം പറഞ്ഞ് പ്രസിദ്ധീകരിച്ച ശാലയില്‍ക്കയറി നമ്മളിപ്പോഴും രാമായണം വാങ്ങുന്നു.
ഇന്നിതാ ഒരു ഭരിയ്ക്കുന്ന പാര്‍ട്ടിയിലെ പ്രമുഖയായ നേതാവ്, തിരഞ്ഞെടുത്ത ഒരു ജനപ്രതിനിധി, നമ്മുടെ ബന്ധുജനങ്ങളെ അഭിസാരികകളാണെന്ന് പറഞ്ഞ് ഒരു പുരുഷനുപോലും കഴിയാത്ത അശ്ലിലച്ചിരിയോടെ പ്രസംഗിയ്ക്കുന്നു.
അയ്യപ്പസങ്കേതത്തെ ലൈംഗികവിവേചനമുള്ളിടമായി വരച്ചിടുന്നു. അതിന്റെ പേരില്‍ നാമജപം നടത്തുന്ന ഹിന്ദുക്കളെ ജാതീയമായി തമ്മില്‍ത്തല്ലാന്‍ പരസ്യമായി…രഹസ്യമായല്ല…പരസ്യമായി ആഹ്വാനങ്ങള്‍ പറക്കുന്നു. ഭരിയ്ക്കുന്ന പാര്‍ട്ടിയുടെ താത്വികാചാര്യന്മാര്‍ ഇന്ത്യനെക്‌സ്‌പ്രെസ്സ് പോലുള്ള പത്രങ്ങളില്‍ ജാതിസ്പര്‍ദ്ധ വളര്‍ത്താന്‍ ലേഖനങ്ങളെഴുതി ഈ സമൂഹത്തെത്തന്നെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നു.
ഈ തെമ്മാടിത്തങ്ങള്‍ കേട്ട് തിരിഞ്ഞുനിന്ന് ഒന്ന് കൂവാന്‍ പോലും കഴിയാനാകാത്ത നിലയില്‍ നിന്നാല്‍ ഈ സമൂഹം മൃതമായിരിയ്ക്കുന്നെന്ന് പറയേണ്ടിവരും. ഇനിയും മരിയ്ക്കാത്ത അല്‍പ്പം ആത്മാഭിമാനം ഒരു തരിമ്പെങ്കിലും ഉള്ളിലുണ്ടെങ്കില്‍ ഇതിനെതിരേ അതിശക്തമായി ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേയ് എന്ന് വിളിച്ച് പടയൊരുക്കണം.
”ഈ സംഗതിയെപ്പറ്റി അശേഷം ആലോചിക്കാതെ, അവരുടെ പാട് അവര്‍ക്ക്, നമ്മുടെ കാര്യം നമുക്ക്, എന്നിങ്ങനെ വിചാരിച്ച് ജീവകാരുണ്യം കൂടാതെ അടങ്ങിയിരിക്കുന്നത് ഈശ്വരകോപത്തിന് മുഖ്യമായ കാരണമല്ലയോ?
ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങള്‍ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കുതക്കവണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ച് നമ്മുടെ സംസ്‌കാരത്തിനുനേര്‍ക്ക് നടന്നുവരുന്ന ഈ നിരന്തരമായ ആക്രമണങ്ങളെ തങ്ങളാലാവും വിധം നിവൃത്തിപ്പിക്കുവാന്‍ തുനിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.”
കാട്ടുകള്ളന്മാര്‍ക്കെതിരേയുള്ള ഒരു യുദ്ധവും അയ്യപ്പന്മാര്‍ക്ക് പുത്തരിയല്ല. ചീരപഞ്ചിറ കളരിയില്‍ ആ ഉടവാളും അരക്കച്ചയും ഇപ്പോഴും ഗുരുവായ പണിയ്ക്കരാശാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ആ കളരിയിലെ മുക്കാല്‍വട്ടം കോവിലില്‍ വീരാസനത്തില്‍ത്തന്നെ അയ്യന്‍ കുടികൊള്ളുന്നുമുണ്ട്.
അയ്യപ്പാ! എന്നത് ഈ നാട്ടിലെ ഓരോ മനുഷ്യന്റേയും തനുതളരുമ്പോഴുള്ള ഊര്‍ജ്ജമന്ത്രമാണ്. തളര്‍ന്നിരിയ്ക്കാതെ വരുന്ന തലമുറയ്ക്ക് മധുരജലമൊഴുക്കുവാനായി ചാലുകീറുവാന്‍ അയ്യപ്പായെന്ന് സ്മരിച്ച് ഉണര്‍ക്കെണീക്കുക.
Discussion about this post