ഉത്തര്‍ പ്രദേശില്‍ നടുറോഡില്‍ കഠാര അരയില്‍ തിരുകി നിസ്കാരം നടത്തിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സെക്രട്ടറിയേറ്റിന് മുമ്പില്‍ വെച്ചായിരുന്നു ഇയാള്‍ നിസ്കരിച്ചത്. ഇത് മൂലം പ്രദേശത്തെ ഗതാഗതം സ്തംഭിച്ചിരുന്നു. നിസ്കാരത്തിന് ശേഷം ഇയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സംഭവം നടക്കുന്ന സമയത്ത് സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു. മധ്യവയസ്കന്റെ നിസ്കാരം പൊലീസിനേയും വഴിയാത്രക്കാരേയും കുഴപ്പിച്ചിരുന്നു. അടുത്തുള്ള ഒരു പളളിയില്‍ ജോലി ചെയ്യുന്ന റഫീഖ് അഹമ്മദ് എന്നയാളാണ് ഇതെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.
നിസ്കാരത്തിന് ശേഷം സ്ഥലം വിട്ട ഇയാളെ ലഖ്നൗ എസ്.പി കലാനിഥി നൈതാനിയുടെ നിര്‍ദ്ദേശ പ്രകാരം അര്‍ദ്ധരാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം നേരം ഇയാള്‍ മൂലം സ്ഥലത്തെ ഗതാഗതം സ്തംഭിച്ചിരുന്നു. സംഭവത്തില്‍ പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് കോണ്‍സ്റ്റബിളുമാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. സംഭവം നിസ്സമാരമായി കണ്ട് ഇയാളെ റോഡില്‍ നമസ്കരിക്കാന്‍ അനുവദിച്ചതിനാണ് നടപടിയെന്ന് എസ്പി പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് പൊലീസ് ഉദ്യോഗസ്ഥും ട്രാഫിക് പൊലീസുകാരും സംഭവം വീക്ഷിച്ചതല്ലാതെ നടപടി സ്വീകരിച്ചിരുന്നില്ല.
സ്വകാര്യ ടെലിവിഷന്‍ ചാനലിലുടെയും സോഷ്യല്മീഡിയയിലുടെയും ഇയാള്‍ നിസ്കരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. നിസ്കാരത്തിന് ശേഷം ഇയാള്‍ സ്കൂട്ടറിലായിരുന്നു സംഭവസ്ഥലത്ത് നിന്നും പോയത്. സംഭവത്തെപ്പറ്റി പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. നിലവില്‍ സെക്രട്ടറിയേറ്റിന് ചുറ്റും സുരക്ഷ ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.
Discussion about this post