ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. കളിക്കിടെ സുരക്ഷാ സേനയുടെ കണ്ണുകള്‍ വെട്ടിച്ച് ഒരു ആരാധകന് വിരാട് കോഹ്ലീയുടെ പക്കല്‍ ചെന്ന് താരത്തിന്റെ കൂടെ ഒരു സെല്‍ഫിയെടുത്തു. ശേഷം ഇയാള്‍ കോഹ്ലിയെ ചുംബിക്കാനും ശ്രമിച്ചു. ഇതിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് വന്ന് ആരാധകനെ ഗ്രൗണ്ടില്‍ നിന്നും മാറ്റുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ ദിനത്തില്‍ വിന്‍ഡീസ് ഇന്നിംഗ്സിലെ 15-ാം ഓവറില്‍ കോലി മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. ആരാധകന്റെ ചുംബനത്തില്‍ നിന്നും കോഹ്ലി ഒഴിഞ്ഞ് മാറുകയായിരുന്നു. സംഭവം മൂലം കളി തടസപ്പെട്ടതിനാല്‍ അംപയര്‍ ‘ഡ്രിംങ്ക്സ് ബ്രേക്ക്’ പ്രഖ്യാപിക്കുകയായിരുന്നു.
ഇതിന് മുമ്പ് രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ട് ആരാധകര്‍ മൈതാനത്തേക്കിറങ്ങി കോഹ്ലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇവരെയും സുരക്ഷാ സേന പിടിച്ച് മാറ്റുകയായിരുന്നു.
Discussion about this post