മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകരിലൊരാളായ പോൾ അലൻ അന്തരിച്ചു,. അറുപത്തഞ്ച് വയസ്സായിരുന്നു. ബിൽ ഗേറ്റ്സും പോൾ അലനും ചേർന്നാണ് മൈക്രോസോഫ്റ്റ് എന്ന സോഫ്റ്റ്വെയർ കമ്പനി ഉണ്ടാക്കുന്നത്.
വാഷിംഗ്ടണിലെ സിയാറ്റിലിൽ ജനിച്ച പോൾ ഗാർഡ്നർ അലൻ സ്കൂളിൽ വച്ചാണ് ബിൽ ഗേറ്റ്സിനെ പരിചയപ്പെടുന്നത്. സ്കൂളിനു ശേഷം വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിയ്ക്കുമ്പോഴാണ് ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ പഠിയ്ക്കുകയായിരുന്ന ബിൽഗേറ്റ്സുമൊത്ത് മൈക്രോസോഫ്റ്റ് എന്ന കമ്പനി തുടങ്ങുന്നത്. ഇരുവരും അതോടെ പഠനം നിർത്തുകയും ചെയ്തു. മൈക്രോസോഫ്റ്റ് എന്ന പേരു ഈ കമ്പനിയ്ക്കിട്ടത് പോൾ അലനായിരുന്നു.
ഐ ബീ എം എന്ന കമ്പനിയ്ക്ക് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉണ്ടാക്കിനൽകാനുള്ള കരാർ ലഭിച്ചതോടെയാണ് മൈക്രോസോഫ്റ്റ് എന്ന ചെറുകമ്പനി ആഗോള ബ്രാൻഡായി വളർന്നത്. ഈ കരാർ ലഭിച്ചതോടെ ബിൽ ഗേറ്റ്സും പോൾ അലനും കോടീശ്വരന്മാരായി മാറി.
കഴിഞ്ഞ മൂന്ന് ദശകങ്ങളായി ആരോഗ്യകാരണങ്ങളാൽ മൈക്രോസോഫ്റ്റിൽ നിന്ന് മാറിനിൽക്കുകയായിരുന്നു പോൾ അലൻ. സ്വന്തമായി വൾകൻ ഇൻകോർപ്പറേഷൻ എന്നൊരു കമ്പനിയുണ്ടാക്കി സഹായപ്രവർത്തനങ്ങൾ നടത്തുകയും ഗവേഷണത്തിനും പഠനങ്ങൾക്കുമായുള്ള ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉണ്ടാക്കുകയും ചെയ്തു. ലോകപ്രസിദ്ധമായ അലൻ ഇൻസ്റ്റിറ്റ്യ്യ്ട്ട് ഓഫ് ബ്രെയിൻസയൻസ്, അലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ വൾകൻ ഇൻകോർപ്പറേഷൻ വഴി പോൾ അലൻ സ്ഥാപിച്ചതാണ്.
നോൺ ഹോജ്കിൻസ് ലിംഫോമ എന്ന കാൻസർ രോഗമായിരുന്നു പോൾ അലന്. 2009ൽ ചികിത്സിച്ചു ഭേദമാക്കിയിരുന്നെങ്കിലും കഴിഞ്ഞ കൊല്ലം വീണ്ടും രോഗം തിരികെവരികയായിരുന്നു. വളരെ ഏകാന്തനായി ജീവിച്ചിരുന്ന ഇദ്ദേഹം വിവാഹിതനല്ലായിരുന്നു.
Discussion about this post