എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കാനിരുന്ന ബിഗ് ബജറ്റ് ചിത്രം ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ എം.ടി.വാസുദേവന്‍ നായര്‍ തിരിച്ച് വേണമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എം.ടിയുമായി സഹകരിക്കാനില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ ബി.ആര്.ഷെട്ടി വ്യക്തമാക്കി. മഹാഭാരതം എം.ടിയുടെ തിരക്കഥയില്ലാതെ തന്നെ സിനിമയാക്കണമെന്ന് ബി.ആര്.ഷെട്ടി അഭിപ്രായപ്പെട്ടു. ഇതിനായി 1,000 കോടിയിലധികം രൂപ ചിലവാക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ എം.ടി ചിത്രത്തിന്റെ തിരക്കഥകള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ട്. ഇവ രണ്ടും തിരിച്ച് വേണമെന്ന ആവശ്യം സംവിധായകനായ ശ്രീകുമാര്‍ മേനോനെ അറിയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥ തിരിച്ച് ലഭിക്കാന്‍ വേണ്ടി കോടതിയെ സമീപിച്ചിട്ടുമുണ്ട് എം.ടി. ഈ സാഹചര്യത്തില്‍ എം.ടി.യുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാവില്ല സിനിമയെന്നും മഹാഭാരതം തന്റെ സ്വപ്ന പദ്ധതിയാണെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായകന്റെ സ്ഥാനത്ത് നിന്നും ശ്രീകുമാര്‍ മേനോനെ നീക്കിയേക്കുമെന്നും സൂചനകളുണ്ട്.
1,000 കോടി രൂപയിലോ അതിനിരട്ടി രൂപയിലോ ചിത്രം തയ്യാറാക്കാന്‍ താന്‍ തയ്യാറാണെന്ന് ഷെട്ടി പറഞ്ഞു. ചിത്രം ആര് സംവിധാനം ചെയ്താലും കഥാമൂല്യം നഷ്ടപ്പെടാതെ ആ ചിത്രം പൂര്‍ത്തിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷെട്ടി അറിയിച്ചു. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലായാണ് ചിത്രം ഇറക്കാന്‍ പദ്ധതിയിട്ടിരുന്നത്.
എം.ടി.വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ ആസ്പദമാക്കി എം.ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോകുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് എം.ടി കോടതിയെ സമീപിച്ചത്. അതേസമയം പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥരെ വയ്ക്കണമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post