ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ മന്ത്രിമാര്‍ വരാതിരുന്നത് കോടതി വിധികൊണ്ടല്ലായെന്ന് വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവര്‍ മതിയായ കാരണങ്ങളുള്ളത് കൊണ്ടാണ് വിട്ട് നിന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം യോഗം തീരുന്നതിന് മുമ്പ് രണ്ട് ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോയ കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘യോഗത്തിനു വന്ന ഉദ്യോഗസ്ഥരില്‍ രണ്ടു മൂന്നുപേര്‍ യോഗം തീരുന്നതിനു മുന്‍പ് ഇറങ്ങിപോയി. അതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കെഎസ്ആര്‍ടിസി പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. അതു നല്ല രീതിയല്ല,’ മന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടില്‍ ചില രാഷ്ട്രീയ മലക്കംമറിച്ചില്‍ നടന്നതിനാല്‍ തമിഴ്‌നാട് മന്ത്രി വന്നില്ലെന്നും കര്‍ണാടകയിലെ ദേവസ്വം മന്ത്രിയുടെ പ്രവര്‍ത്തന സ്ഥലത്ത് ഉപതിരഞ്ഞെടുപ്പായ്ത കൊണ്ട് അദ്ദേഹവും വന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിച്ചു. അതേസമയം തെലങ്കാനയില്‍ തിരഞ്ഞെടുപ്പു ചട്ടം പ്രാബല്യത്തില്‍ വന്നതിനാലാണ് മന്ത്രിക്ക് വരാനാകാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരാനിരുന്നെങ്കിലും ഇന്നാണ് അദ്ദേഹം ജോലിയില്‍നിന്ന് വിരമിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പുതുച്ചേരിയില്‍ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നതിനാല്‍ അവിടെനിന്നുള്ള മന്ത്രിക്കും വരാനായില്ലെന്നും ആന്ധ്രയിലെ കടപ്പയില്‍ 1600 ബസുകളില്‍ ആളുകളെ പങ്കെടുപ്പിച്ചുള്ള റാലി നടക്കുന്നത് മൂലം ചില രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിനും വരാന്‍ സാധിച്ചില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രിമാരുടെ യോഗം ഇനി നടത്തണോ അതോ ഉദ്യോഗസ്ഥരുടെ യോഗം നടത്തണോ എന്ന കാര്യത്തെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ യോഗം വളരെ പെട്ടെന്ന് തീരുമാനിച്ചതിനാല്‍ പലര്‍ക്കും അസൗകര്യമുണ്ടായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post