ശബരിമല വിഷയത്തില്‍ എന്‍.എസ്.എസുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. എന്‍.എസ്.എസിന് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എന്‍.എസ്.എസ് കരയോഗം ഓഫീസ് ആക്രമിച്ചതില്‍ സര്‍ക്കാറിനുവേണ്ടി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ നിലനില്‍ക്കുന്ന കലുഷിത അന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇത് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പുറകില്‍ ആരാണെന്നറിയാന്‍ വേണ്ടി പാഴുര്‍പടിവരെ പ്രശ്നം വെച്ചുനോക്കേണ്ട കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ആക്രമണം നടന്നത് ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോട് കൂടിയാണെന്നും അവര്‍ക്ക് സ്വാധീനമുള്ള പ്രദേശത്താണ് ആക്രമണം നടന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം സര്‍ക്കാര്‍ എന്‍.എസ്.എസിന്റെ വ്യത്യസ്തമായ നിലപാടിനെ അംഗീകരിക്കുന്നുവെന്നും അവരുമായി ചര്‍ച്ചക്ക് തുറന്ന മനസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ മാത്രമല്ല മറിച്ച് കേരളീയ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ തങ്ങളുടേതായ നിലപാടുകള്‍ ഉള്ള പ്രസ്ഥാനമാണ് എന്‍.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post