അട്ടപ്പാടിയില്‍ മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഗോപിനാഥ് പ്രതിഫലം പോരെന്ന ആവശ്യം മുന്നോട്ട് വെച്ചത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം റദ്ദാക്കിയത്.
പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയത് കൊണ്ടാണ് ഒഴിവാക്കിയതെന്ന് ആഭ്യന്തര വകുപ്പാണ് വ്യക്തമാക്കിയത്.
അതേസമയം കേസിന്റെ നടത്തിപ്പില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വേണമെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. കേസ് നടക്കുന്നത് മണ്ണാര്‍ക്കാട് കോടതിയിലാണ്. കോടതിയ്ക്ക് സമീപം പ്രത്യേകം ഓഫീസും ഡി.വൈ.എസ്.പി റാങ്കിലുളള ഒരുദ്യോഗസ്ഥന്റെ സഹായവും വേണമെന്ന് ഗോപിനാഥ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളുകയായിരുന്നു.
തനിക്ക് നിയമനം റദ്ദാക്കിയെന്ന മറുപടി മാത്രമാണ് ലഭിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. ഇത് കൂടാതെ സമ്മതപത്രം ഒപ്പിട്ടുനല്‍കിയിരുന്നെന്നും ഫീസിന്റെ കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.
ഇനി ഈ കേസില്‍ മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ആളാകും എത്തുക. വിവിധ കേസുകളില്‍ ഇപ്പോള്‍ത്തന്നെ ഹാജരാകുന്ന ആളാകുന്നതിനാല് മധു വധക്കേസില്‍ ഇദ്ദേഹത്തിന് വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിയില്ലെന്ന് ആരോപണമുണ്ട്.
Discussion about this post