ശബരിമല സ്ത്രീ പ്രവേശന കേസിലെ റിട്ട് ഹര്‍ജികളും പുനപരിശോധനാ ഹര്‍ജികളും സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക.മണ്ഡലകാലത്തിന് മുമ്പ് ശബരിമലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇന്നത്തെ കോടതി നടപടികള്‍. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുമ്പ് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത്.
ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബം, എന്‍.എസ്.എസ് തുടങ്ങി കേസിലെ കക്ഷികളും കക്ഷികളല്ലാത്തവരുടേതുമായി 48 പുനഃപരിശോധന ഹര്‍ജികളാണ് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പരിഗണിക്കുക. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഭരണഘട ബെഞ്ചിന്റെ ഭാഗമാകും. വിശ്വാസത്തിനുള്ള മൗലിക അവകാശത്തിന് എതിരായാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍. കേസ് തുറന്ന കോടതിയില്‍ വീണ്ടും വാദം കേട്ട് ഇക്കാര്യം പരിശോധിക്കണമെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു.
ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും 14ാം അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാനങ്ങള്‍ പരിശോധിച്ചാല്‍ മതങ്ങള്‍ തന്നെ ഇല്ലാതാകും എന്നും ഹര്‍ജികളില്‍ പറയുന്നുണ്ട്. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ ഇരുന്നാകും ജഡ്ജിമാര്‍ പരിശോധിക്കുക. ജസ്റ്റിസുമാരായ റോഹിന്റന്‍ നരിമാന്, ഡി.വൈ.ചന്ദ്രചൂഡ്, എ.എന്‍.കാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലെ മറ്റ് ജഡ്ജമാര്. ഭരണഘടന ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി എന്ത് നിലപാട് എടുത്താലും എല്ലാ സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന ആവശ്യപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ഭരണഘടന ബെഞ്ചിലുണ്ട്. വിധിയില്‍ ഈ ജഡ്ജിമാര്‍ ഉറച്ചുനിന്നാല്‍ പുനഃപരിശോധന ഹര്‍ജികള്‍ തള്ളിപ്പോകും.
Discussion about this post