ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടുനീതിയാണ് നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചറെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശശികല ടീച്ചറെ കൂടാതെ പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് സുധീറിനെ അറസ്റ്റ് ചെയ്ത നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. കരുതല്‍ അറസ്റ്റ് എന്ന നടപടിയ്ക്ക് കേരളത്തില്‍ നിയമമില്ലെന്നും ഇവരെ അറസ്റ്റ് ചെയതത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് പോസീസ് നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടും സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. കൂടാതെ ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഷൂസും ബെല്‍ട്ടും ലാത്തിയും മറ്റും ഉപയോഗിക്കുന്നതും തെറ്റാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഭക്തജനങ്ങളും പോലീസും തമ്മില്‍ ഇത്രയും നാള്‍ സൗഹൃദപരമായിട്ടാണ് ഇടപഴകിയിരുന്നതെന്നും അത് തകര്‍ക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇത് കൂടാതെ ശബരിമലയില്‍ വരുന്ന ഭക്തജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ലെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ കേന്ദ്ര സേനയ്ക്ക് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനത്തിലുള്ളവരുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ സമരത്തെ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post