മന്ത്രി കെ.ടി.ജലീല്‍ ജോലി ചെയ്തിരുന്ന കോളേജിലെ നിയമനം തടഞ്ഞതിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചട്ടങ്ങള്‍ മറി കടന്ന സ്ഥലം മാറ്റിയതായി പരാതി. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എല്‍സമ്മ ജോസഫ് അറയ്ക്കലിനെയാണ് വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയത്. മന്ത്രി കെ.ടി.ജലീല്‍ വിളിച്ച യോഗത്തില്‍ നിന്നും ഇറക്കി വിട്ടതിന് പുറകെയാണ് സ്ഥലം മാറ്റത്തിന്റെ ഉത്തരവുണ്ടായത്.
മന്ത്രി കെ.ടി.ജലീല്‍ ജോലി ചെയ്തിരുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെയും മമ്പാട് എം.ഇ.എസ് കോളജിലെയും പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് എല്‍സമ്മ ജോസഫ് അറയ്ക്കല്‍ തടഞ്ഞത്. മന്ത്രിക്ക് പരാതി നല്‍കുമെന്ന് കോളേജ് ഇവര്‍ക്കെതിരെ ഭീഷണിയും മുഴക്കിയിരുന്നു. എന്നാല്‍ ഇവര്‍ ഇവരുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി തിരുവനന്തപുരത്ത് എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗം വിളിച്ച് കൂട്ടുകയുണ്ടായി. ഇതില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി തന്നെ ഇറക്കി വിടുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഇവര്‍ക്ക് സ്ഥലം മാറ്റത്തിനുള്ള ഉത്തരവും വന്നിരുന്നു.
ഇവര്‍ ചുമതലയേല്‍ക്കാന്‍ സാവകാശം ചോദിച്ചെങ്കിലം മന്ത്രി അനുവിദിച്ചിരുന്നില്ല. ഇവരുടെ സ്ഥാനത്തേക്ക് പുതിയ ആരെയും നിയമിച്ചിട്ടില്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള എയ്ഡഡ് കോളജുകളിലെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കമുള്ള മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ഡെപ്യൂട്ടി ഡയറക്ടറാണ്. മീഞ്ചന്ത ആര്‍ട്ട്സ് കോളേജിലെ പ്രിന്‍സിപ്പലിന് അധിക ചുമതല നല്കുകയാണുണ്ടായത്. ഇതോടെ ശമ്പളമടക്കമുള്ള കാര്യങ്ങളില്‍ കാലതാമസമുണ്ടാകുമെന്നാണ് പ്രിന്‍സിപ്പല്‍മാരുടെ ഭയം.
2019 മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് എല്‍സമ്മ ജോസഫ് അറയ്ക്കലിനെതിരെ മന്ത്രി നടപടിയെടുത്തത്.
Discussion about this post