ബംഗളൂരു: വിദേശ കോഴ്സിനെന്ന പേരില്‍ അര്‍മീനിയയിലേക്ക് നഴ്സിങ് വിദ്യാര്‍ഥികളെ കടത്താന്‍ ശ്രമിച്ച കേസില്‍ മലയാളി അറസ്റ്റിലായി. ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് എറണാകുളം കോതമംഗലം സ്വദേശിയും മംഗളൂരു കങ്കനാടിയില്‍ താമസക്കാരനുമായ ടോണി ടോം (40) അറസ്റ്റിലായത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന 32 നഴ്സുമാരെ മൊഴിയെടുത്തശേഷം പൊലീസ് വിട്ടയച്ചു. ഇതില്‍ 25ഓളം പേര് മലയാളികളാണ്. മറ്റുള്ളവര്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ളവരും.
യൂനിവേഴ്സിറ്റി ഓഫ് ട്രഡീഷനല്‍ മെഡിസിന് ഓഫ് അര്‍മീനിയയില്‍നിന്ന് (യു.ടി.എം.എ) സ്റ്റുഡന്റ്സ് വിസ സമ്പാദിച്ച ശേഷം അതിന്റെ മറവില്‍ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന ഇന്സ്റ്റിറ്റിയുട്ടില്നിന്ന് കോഴ്സ് പൂര്‍ത്തിയാക്കി നഴ്സുമാരെ ജര്‍മനിയിലേക്ക് കടത്താനായിരുന്നു ശ്രമം. മുന്‍കൂറായി ഏകദേശം നാലുലക്ഷം രൂപയാണ് ഓരോരുത്തരില്‍നിന്നും വാങ്ങിച്ചത്.
മംഗളൂരു കങ്കനാടിയില്‍ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുകയാണ് ടോണി ടോം. ഇയാളുടേതടക്കം പത്തിലേറെ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഹോപ്സൈന് എജുക്കേഷന്‍ ഇന്റര്‍നാഷനലിന്റെ പേരിലാണ് നഴ്സുമാരെ അര്‍മീനിയയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ജര്‍മന്‍ ഭാഷ പഠിച്ചാല്‍ വിദേശത്തെ ആശുപത്രികളില്‍ നല്ല ജോലിസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടോം പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് നഴ്സിങ് ബിരുദ വിദ്യാര്‍ഥികളെ അപേക്ഷകരായി കണ്ടെത്തിയത്.
അര്‍മീനിയയിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പലരും പോകാറുണ്ടെങ്കിലും ഒരേ സ്ഥലത്തുനിന്ന് യു.ടി.എം.എയിലേക്ക് ഇത്രയേറെ പേര് ഒന്നിച്ചുപോകുന്നത് ആദ്യമായാണ്. ഇതാണ് എമിഗ്രേഷന്‍ അധികൃതര്‍ക്ക് സംശയത്തിനിടയാക്കിയത്.
Discussion about this post