ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ തയ്യാറായി ബി.ജെ.പി. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നേതാക്കള്‍ നിരാഹാരമിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണനായിരിക്കും ആദ്യം നിരാഹാരമനുഷ്ഠിക്കുക.ഒരോ ദിവസത്തെയും സമരത്തിന്റെ ചുമതല ഓരോ ജില്ലകള്‍ക്കായിരിക്കും.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമാണ് ബി.ജെ.പി മുന്നോട്ട് വെച്ചിരിക്കുന്നത്. ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നും ബി.ജെ.പി വ്യക്തമാക്കി. കൂടാതെ കെ.സുരേന്ദ്രനുള്‍പ്പെടെയുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കള്ളക്കേസുകളെടുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ പ്രചരിച്ചത് ബിജെപിയുടെ സര്‍ക്കുലറല്ല. ഇതു പ്രചരിപ്പിച്ച സിപിഎമ്മിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോര്‍ജുമായി നിയമസഭയില്‍ സഹകരിക്കും. മറ്റു കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമലയില്‍ എസ്.പി യതീഷ് ചന്ദ്രയുടെ പ്രവൃത്തികള്‍ തീര്‍ത്തും മോശമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല ടീച്ചര്‍ കുടുംബസമേതം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ യതീഷ് ചന്ദ്ര അവര്‍ക്കെതിരെ അനാവശ്യമായി ശബ്ദമുയര്‍ത്തി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയ ശശികല ടീച്ചറുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് യതീഷ് ചന്ദ്ര ഭീഷണിപ്പെടുത്തിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Discussion about this post