2032ല്‍ നടക്കാനിരിക്കുന്ന ഒളിംപിക്സ് മത്സരങ്ങളുടെ വേദിയാകാനുള്ള ഇന്ത്യയുടെ താല്പര്യമറിയിച്ച് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് (ഐ.ഒ.എ). അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ (ഐ.ഒ.സി) ഇക്കാര്യം ഐ.ഒ.എ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മത്സരം ഡല്‍ഹിയിലോ മുംബൈയിലോ നടത്താനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്ന് ഐ.ഒ.എയുടെ പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു.
ഈ വര്‍ഷം ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തലവന്‍ തോമസ് ബാക്കിനോട് ഐ.ഒ.എ ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത ഐ.ഒ.സിയുടെ മൂന്നംഗ ബിഡ് കമ്മിറ്റിയുമായി അടുത്ത ഒളിംപിക്സിന് വേദിയാവുന്ന ടോക്യോയില്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു. ബിഡ് കമ്മിറ്റിയില്‍ നിന്ന് അനുകൂല പ്രതികരണം കിട്ടിയതോടെ കേന്ദ്ര കായികമന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്. ഇന്ത്യ വളരെ മുന്‍പ് തന്നെ ഒളിംപിക്സിന്റെ വേദിയാകേണ്ടതായിരുന്നുവെന്നായിരുന്നു ഐ.ഒ.സിയുടെ പ്രതികരണം.
2022ലായിരിക്കും 2032ലെ ഒളിംപിക്സ് വേദി കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ തുടങ്ങുക. തുടര്‍ന്ന് 2025ലായിരിക്കും വേദി പ്രഖ്യാപിക്കുക. 2032ലെ ഒളിംപിക്സിന് വേദിയാകാന്‍ ഇന്തോനേഷ്യയും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്തോനേഷ്യയെ കൂടാതെ ഓസ്ട്രേലിയ, ചൈന ജര്‍മ്മി എന്നിവരും 2032ലെ ഒളിപിക്സ് വേദിക്കായി രംഗത്തെത്തുമെന്നാണ് സൂചന.
Discussion about this post