ചുമ്മാ ഒരു വെല്ലുവിളി: ‘ധൈര്യമുണ്ടോ നമ്മുടെ മാധ്യമങ്ങള്‍ക്ക് നബി തിരുമേനിയുടെ ആ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാന്‍?’ വിവാദ കാര്‍ട്ടൂണ്‍ എന്നു പറയുന്നതല്ലാതെ ഇന്നാട്ടില്‍ ആരും അതു കണ്ടിട്ടില്ല. അതെന്താ അങ്ങനെ? ഇന്ത്യക്കാര്‍ക്കു കാണാന്‍ പാടില്ലാത്തതാണോ ആ കാര്‍ട്ടൂണ്‍? പുനഃപ്രസിദ്ധീകരിക്കാന്‍ പേടിയാണോ? അതോ പ്രസിദ്ധീകരിക്കുന്നതു ന്യായമല്ലെന്നോ?
നബിയുടെ ചിത്രം പാടില്ലെന്ന ഇസ്ലാമിക വിശ്വാസത്തെ അപഹസിച്ചും വെല്ലുവിളിച്ചും ഫ്രാന്‍സിലെ ഒരു കാര്‍ട്ടൂണിസ്റ്റ് അതു വരച്ചു. ഛായാചിത്രമല്ല, കാര്‍ട്ടൂണാണ് വരച്ചത് എന്നോര്‍ക്കുക. തുടര്‍ന്ന് ആ മാധ്യമത്തില്‍ ഭീകരാക്രമണം നടന്നു, പ്രസാധകനും പത്രാധിപരും കാര്‍ട്ടൂണിസ്റ്റും അടക്കമുള്ളവര്‍ കൊല്ലപ്പെട്ടു. ലോകം മുഴുവന്‍ അതിനെ ഇപ്പോള്‍ അപലപിക്കുന്നു. മാധ്യമ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി വാതോരാതെ പ്രസംഗിക്കുന്നു. അങ്ങനെയെങ്കില്‍ ആ കാര്‍ട്ടൂണ്‍ മറ്റുള്ളവരും അച്ചടിക്കണമല്ലോ..! പെരുമാള്‍ മുരുകന്റെ വിവാദ നോവല്‍ പരസ്യമായി വായിക്കാന്‍ മുന്‍കൈയെടുത്ത കൊച്ചി മുസിരിസ് ബിനാലെക്കാര്‍, ഫ്രാന്‍സ് ആക്രമണത്തിലും കൂട്ടക്കൊലയിലും പ്രതിഷേധിച്ചു വിവാദ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചില്ല, കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ വേദിയൊരുക്കിയില്ല. അതാണത്രെ നമ്മുടെ ആവിഷ്‌കാര സ്വാതന്ത്ര്യം..!
പറയുമ്പോള്‍ എല്ലാം പറയണം. ചിലപ്പോള്‍ ചിലതൊക്കെ പറഞ്ഞേ പറ്റൂ. ഇല്ലെങ്കില്‍, ആരാരൊക്കെയോ കേറി നമ്മുടെ കസേരയില്‍ ഇരുന്നുകളയും, താനിരിക്കേണ്ടിടത്തു താനിരുന്നില്ലെങ്കില്‍…! കൊല്ലാന്‍ പാടില്ല, ഒന്നിനെയും, എന്തുകാരണത്താലായാലും. ജീവനുള്ള ഒന്നിനെയും കൊല്ലാന്‍ പാടില്ല എന്നുകൂടി വിശാലാര്‍ഥത്തില്‍ പറയാം. അതവിടെ നില്‍ക്കട്ട. എന്തായാലും, മനുഷ്യന്‍ മനുഷ്യനെയെങ്കിലും കൊല്ലാന്‍ പാടില്ല. അതിനാല്‍, പ്രവാചകന്റെ കാര്‍ട്ടൂണിനു പിന്നിലുള്ളവരെ ചില അവിവേകികള്‍ കൊന്നൊടുക്കിയതു മഹാപാതകം.
ഫ്രാന്‍സിസ് മാര്‍പാപ്പയും സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ടും ഇപ്പോള് പറയുന്നു, ‘മതത്തെയും വിശ്വാസങ്ങളെയും അവഹേളിക്കുത്, അങ്ങനെ ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല’ എന്ന്. അത്തരം സ്വാതന്ത്ര്യത്തിനു പരിധിയും പരിമിതിയുമുണ്ട് എന്നും ഇവരൊക്കെ പറയുന്നു. നല്ല കാര്യം. എന്നാല്‍, വിഗ്രഹാരാധനയെ അതിനിശിതമായി വിമര്‍ശിക്കുന്ന മതപ്രചാരകരെ മാര്‍പാപ്പ വിലക്കിയിട്ടുണ്ടോ, ഇന്നേവരെ? പാപികളേ എന്ന് അക്രൈസ്തവരെ പരസ്യമായി വിളിക്കുന്നതു തെറ്റാണെന്നു പറയുമോ അദ്ദേഹം? ഹിന്ദുദേവതകളെയും വിശ്വസങ്ങളെയും ആചാരങ്ങളെയും വിമര്‍ശിക്കരുത് എന്നു പ്രകാശ് കാരാട്ട് ആവിഷ്‌കാരവാദികളോട് എന്നെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ?
പ്രവാചകന്റെ ചിത്രം വരയ്ക്കാമോ എന്നതാണു പ്രധാന ചോദ്യം. അതൊരു കാര്‍ട്ടൂണായി വരയ്ക്കാമോ എന്നത് അതിനേക്കാള്‍ ഗൗരവമുള്ള ചോദ്യം. എന്തിനാണു പ്രവാചകന്റെ ചിത്രം വരയ്ക്കുന്നത്? അതൊരു കലാപ്രവര്‍ത്തനമാണോ? വരച്ചേ തീരൂ എന്നു മുട്ടിനില്‍ക്കുന്നവരാരാണ്? വരച്ചില്ലെങ്കില്‍ ആവിഷ്‌കാരസ്വാതന്ത്ര്യം തകര്‍ന്നടിയുമോ? ഈ ഒരേയൊരു ചിത്രം ഇല്ലാത്തതുകൊണ്ടാണോ ലോകത്ത് കലാ ആവിഷ്‌കാര സ്വാതന്ത്രം പൂര്‍ണമാകാത്തത്? പ്രകോപനം ഉണ്ടാക്കിയിട്ട് തല്ലിയേ എന്നു വിലപിക്കുന്നതില്‍ വല്ല കാര്യവുമുണ്ടോ?
ഇത്രയും പറയുമ്പോള്‍, മറുവശവും കേള്‍ക്കണം. സരസ്വതീദേവിയുടെ നഗ്‌നചിത്രം വരയ്ക്കണമെന്നും ഭാരതമാതാവിനെ വൈകൃതത്തോടെ ചിത്രീകരിക്കണമെന്നും ഹനുമാന്‍ സീതാദേവിയെ പ്രാപിക്കുന്ന ചിത്രം വരയണമെന്നും ക്രിസ്തുവിന്റെ ജനനത്തെ അപഹസിക്കണമെന്നും കന്യാമറിയത്തെ അപമാനിക്കണമെന്നും പറയുന്നത് ഏതുതരം ആവിഷ്‌കാര സ്വാതന്ത്ര്യമാണ്? അതിനൊക്കെ കൈയടിക്കണമെന്നു വാശിപിടിക്കുന്നത് ഏതുതരം മനുഷ്യാവകാശമാണ്? സല്‍മാന്‍ റുഷ്ദിയും തസ്ലിമ നസ്‌റിനും എഴുതുന്നതൊക്കെ ലോകമാകമാനം എല്ലാവരും അംഗീകരിച്ചുകൊള്ളണം എന്ന വാശി ആര്‍ക്കാണുള്ളത്? പികെ എന്ന സിനിമ പ്രദര്‍ശിപ്പിക്കണമെന്നും മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ പാടില്ലെന്നും പറയുന്ന ഇരട്ടത്താപ്പ് ആരു വകവയ്ക്കുമെന്നാണ്?!
വേണ്ട. അത്രയ്ക്ക് സ്വാതന്ത്ര്യം എവിടെയും വേണ്ട. വിശ്വാസികളെ അവരുടെ പാട്ടിനു വിട്ടേക്കുക. ഭൂമി പരന്നതാണെന്നും, കളിമണ്ണു കുഴച്ചാണു മനുഷ്യനെ സൃഷ്ടിച്ചതെന്നും, പെണ്ണ് ആണിന്റെ വാരിയെല്ല് ഉപയോഗിച്ചു നിര്‍മിച്ചതാണെന്നും, വിമാനം ആദ്യമായി പറത്തിയതു ഭാരതത്തിന്റെ പ്രാചീനരായിരുന്നുവെന്നും, ആദ്യ ഗോളാന്തരയാത്ര നടത്തിയതു നാരദമഹര്‍ഷിയാണെന്നും, ഈശ്വരന്റെ പ്രതിനിധികള്‍ മനുഷ്യരുടെ തലയില്‍ കൈവച്ചു രോഗശാന്തി നടത്തുമെന്നും വിശ്വസിക്കുന്നവര്‍ക്ക് അതിനൊക്കെ അവരുടേതായ കാരണങ്ങളുണ്ടാവാം. അവരെ അവരുടെ വഴിക്കു വിട്ടേക്കുക. എന്തിന് അപമാനിക്കണം? അപമാനിക്കാനിറങ്ങുന്നതാണു ഫാസിസം.
ലോകം ബഹുസ്വരതയുടേതാണ്. എല്ലാ മനുഷ്യരും ഒരേപോലെ ചിന്തിക്കണമെന്നില്ല. വിവരവും വിദ്യാഭ്യാസവും വിവേകവും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. അതിനാല്‍, വഴിമാറിനടക്കലോ കേവലമൊരു പുഞ്ചിരിയോ മാത്രമാണു പരസ്പര കലഹത്തേക്കാള്‍ യുക്തം. അധികമാരെയും ആര്‍ക്കും തിരുത്താനാവില്ല. എന്നാല്‍, സരസ്വതീദേവിയെ നഗ്‌നയാക്കി വരച്ചപ്പോള്‍ കൈയടിച്ചു ചിരിച്ചവരാണ് ഇപ്പോള്‍ പ്രവാചകന്റെ കാര്‍ട്ടൂണിനെതിരേ വാളെടുത്തിരിക്കുന്നത്..! ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തെ ആര്‍പ്പുവിളിയോടെ സ്വീകരിച്ചവര്‍, ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം വന്നപ്പോള്‍ ആക്രോശിച്ചു പാഞ്ഞടുത്തു..!
വാളെടുത്തവന്‍ വാളാല്‍ എന്നാണ്. ആരുമാരും വാളെടുക്കാതിരിക്കുക. വിശ്വാസങ്ങളെയും വിശ്വാസികളെയും വെറുതെവിടുക. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു ചില പരിധികളുണ്ട് എന്നു തിരിച്ചറിയുക. ‘എന്റെ മൂക്കിന്‍തുമ്പില്‍ നിങ്ങളുടെ സ്വാതന്ത്യം അവസാനിക്കുന്നു’ എന്നത് എപ്പോഴും ഓര്‍ക്കുക. ഫ്രാന്‍സില്‍ കൂട്ടക്കൊല നടത്തിയവര്‍ക്കു വഴിയൊരുക്കിക്കൊടുത്തത് ആരാണ് എന്നാലോചിച്ചാല്‍ പ്രശ്‌നത്തിന്റെ പോക്ക് മനസിലാകും. മതമില്ലാത്ത ജീവന്‍ കേരളത്തില്‍ ഒരധ്യാപകന്റെ കൈ നഷ്ടമാക്കിയതും ഓര്‍ക്കുക. സഹിഷ്ണുത മതവിശ്വാസികള്‍ക്കും വേണം, മതമില്ലാത്തവര്‍ക്കും വേണം. പരസ്പര ബഹുമാനം എന്നാണതിനെ വിളിക്കുക.
മതത്തെയും മതഗ്രന്ഥങ്ങളെയും ദൈവങ്ങളെയും ദൈവപുത്രരെയും പ്രവാചകരെയും വിശ്വസിക്കുന്നവര്‍ക്ക് അതിന്റേതായ ന്യായങ്ങളുണ്ട്. അവരുടെ വിശ്വാസത്തെ അപമാനിക്കാതെയും അപഹസിക്കാതെയുമിരിക്കുക എന്നതാണു മാന്യത. അതു മതമില്ലാത്തവരായാലും മാധ്യമങ്ങളായാലും. വര്‍ഗീയവാദികള്‍ക്കു വളംവച്ചുകൊടുക്കുന്നതില്‍ ആരുമാരും മോശക്കാരല്ല. മതഗ്രന്ഥങ്ങളെപ്പറ്റി, മതാചാര്യരെപ്പറ്റി, ദൈവങ്ങളെപ്പറ്റി പറയാന്‍ യുക്തിചിന്തകര്‍ക്കും സകലതും നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ക്കും വിമര്‍ശനങ്ങളും പരിഹാസഹങ്ങളും ഏറെയുണ്ടാകും. എന്നാല്‍, അതിലൊക്കെ നിയന്ത്രണവും മാന്യതയും പക്വതയും വിവേകവും വേണം.
മതഭീകരത, മതേരത ഭീകരത, മാധ്യമ ഭീകരത എന്നിവയാണു നാടിനെ കാര്‍ന്നു തിന്നാന്‍ കാത്തിരിക്കുന്നതെന്ന് ഒന്നരപ്പതിറ്റാണ്ടിനു മുന്‍പേ ഒരു ലേഖനത്തിന് ഈയുള്ളവന്‍ ഒരു തലക്കെട്ടിട്ടു..! അന്നൊന്നും മതേതര ഭീകരതയും മാധ്യമഭീകരതയും ഇത്രത്തോളമെത്തിയിരുന്നില്ല. ദൃശ്യമാധ്യമങ്ങളും ബ്രെയ്ക്കിങ് ന്യൂസുകളും അന്തിച്ചര്‍ച്ചകളും ഇല്ലായിരുന്നു.
കാലം മാറി. വെടി പെട്ടെന്നു പൊട്ടും. അതിനാല്‍, ക്രിസ്തുവിനെയും നബി തിരുമേനിയെയും കൃഷ്ണനെയും സരസ്വതീ ദേവിയെയും അപമാനിക്കാന്‍ ആരും ധൈര്യപ്പെടാത്ത ലോകമാവട്ടെ നമ്മുടെ ലക്ഷ്യം. വിശ്വാസങ്ങളെല്ലാം അതേപടി സംരക്ഷിക്കപ്പെടട്ടെ. സഭ്യവും മാന്യവുമായ വിമര്‍ശനവും നടക്കട്ടെ. വിമര്‍ശനം, അവഹേളനം എന്നിവ തമ്മില്‍ ഒരുപാട് വ്യതാസമുണ്ട് എന്നോര്‍ക്കുക.
(മെട്രോ വാര്‍ത്ത പത്രത്തിലെ കൊച്ചി ബ്യൂറോ ചീഫാണ് ലേഖകന്‍)
Discussion about this post