ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനം അരുണ്‍ ജെയ്റ്റ്‌ലി കൊള്ളയടിക്കുകയാണെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ പരാമര്‍ശം. ഹര്‍ജി തള്ളിയതിന് ശേഷം ഹര്‍ജിക്കാരനോട് 50,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ഈ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനുള്ള യാതൊരു കാരണവും കാണുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയും ജസ്റ്റിസ് എസ്.കെ.കൗളും അടങ്ങിയ ബെഞ്ചായിരുന്നു ഹര്‍ജി തള്ളിയത്.
അഭിഭാഷകനായ എം.എല്‍.ശര്‍മ്മയായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ധനകാര്യ മന്ത്രി തന്നെ റിസര്‍വ്വ് ബാങ്കിന്റെ ധനം കൊള്ളയടിക്കുന്നുവെന്ന ആരോപണം കോടതിയോട് ആദരവ് നല്‍കാതെയുള്ള ഒന്നാണെന്ന് ബെഞ്ച് പറഞ്ഞു. പിഴയടയ്ക്കുന്നത് വരെ മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയും എം.എല്‍.ശര്‍മ്മയ്ക്ക് ഫയല്‍ ചെയ്യാനാവില്ല. ഹര്‍ജി തള്ളിയതിന് ശേഷവും ഹര്‍ജിക്കാരന്‍ വാദം നടത്തിയപ്പോള്‍ ആയിരുന്നു കോടതി പിഴ ചുമത്തിയത്.
Discussion about this post