തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ നിരാഹാരം എട്ടാം ദിവസത്തേക്ക് കടക്കുന്ന നാളെ, പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നു. പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാര്‍ച്ചും മറ്റു ജില്ലകളില്‍ കളക്ട്രേറ്റ് മാര്‍ച്ചുകളും സംഘടിപ്പിക്കും. വൈകിട്ട് എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തുമെന്നും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ.കൃഷ്ണദാസ് പറഞ്ഞു.
ലക്ഷ്യം നേടുന്നതുവരെ ഉപവാസസമരം തുടരും. അതീവക്ഷീണിതനെങ്കിലും മാനസികമായി അങ്ങേയറ്റം ഊര്‍ജ്ജസ്വലനാണ് രാധാകൃഷ്ണന്. മരണം വരെ ഉപവാസവുമായി മുന്നോട്ടു പോവാനാണ് രാധാകൃഷ്ണന്റെ തീരുമാനം. തലസ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്കു നടന്ന യുവമോര്‍ച്ചയുടെ മാര്‍ച്ച് ചോരയില്‍ മുക്കിക്കൊല്ലാനാണ് പോലീസ് ശ്രമിച്ചത്. സമാധാനപരമായി പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച പോലീസ് ലാത്തിച്ചാര്‍ജും നടത്തി.
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ ക്രിമിനലുകളാണെന്നു വിളിച്ചാക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് പരസ്യമായി വിശ്വാസികളോട് മാപ്പു പറയണം. നിരോധനാജ്ഞ, ക്രിമിനലുകള്‍ തമ്പടിച്ചിരുന്ന കാരണത്താലാണ് എന്നാണ് മന്ത്രി പറഞ്ഞത്. അയ്യപ്പഭക്തരല്ലാതെ ആരാണവിടെ ക്രിമിനലുകള്‍.
സര്‍ക്കാര്‍ സംവിധാനവും അധികാരവും ദുരുപയോഗപ്പെടുത്തി സിപിഎം സംഘടിപ്പിക്കുന്ന വനിതാമതില്‍ പൊളിയും. നവോത്ഥാനനായകര്‍ പൊളിച്ചു കളഞ്ഞ ജാതിമതില്‍ കെട്ടിപ്പൊക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്നലെ വരെ തള്ളിപ്പറയുകയും അവഹേളിക്കുകയും ചെയ്ത ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും മന്നത്തു പദ്മനാഭന്റെയും കേളപ്പജിയുടെയും ഒക്കെ പൈതൃകം അവകാശപ്പെടാന്‍ സിപിഎമ്മിന് എന്ത് അര്‍ഹതയാണുള്ളത്.
നവോത്ഥാനവും സിപിഎമ്മും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ്. വനിതാമതില്‍ പൊളിയുമെന്നുറപ്പുള്ളതിനാലാണ് ഇപ്പോള്‍ സംസ്ഥാന വനിതാ-ശിശു വകുപ്പിനെക്കൊണ്ട് വനിതാ ജീവനക്കാര്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.
Discussion about this post