ശക്തികാന്ത ദാസ് ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള റിസര്‍വ് ബാങ്കിന്റെ ആദ്യഭരണസമിതിയോഗം ഇന്ന് നടക്കും. ആര്.ബി.ഐ.യുടെ പ്രവര്‍ത്തനത്തില്‍ സെന്‍ട്രല്‍ ഡയറക്ടര്‍ ബോര്‍ഡിന് എത്രത്തോളം പങ്കുണ്ടാവണമെന്നതായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. സ്വയംഭരണാധികാരത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതകളാല് ഉര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് മുന്‍ ധനകാര്യ സെക്രട്ടറിയായ ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ബുധനാഴ്ച ചുമതലയേറ്റത്. പൊതുമേഖലാബാങ്കുകളുടെ മുംബൈയിലെ മേധാവികളുമായി വ്യാഴാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ തകര്‍ച്ച ഒഴിവാക്കുന്നതിന് പുറപ്പെടുവിച്ച ത്വരിത തെറ്റുതിരുത്തല്‍ നടപടിച്ചട്ടത്തില്‍ അയവുവരുത്തുക, ബാങ്കിങ് മേഖലയിലേക്ക് കൂടുതല്‍ പണമൊഴുക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ബാങ്ക് മേധാവികള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍വെച്ചതായാണ് അറിയുന്നത്.
ആര്.ബി.ഐ. സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കണമെന്ന ആവശ്യം ബോര്‍ഡ് യോഗത്തിലുയരുമെന്നാണ് സൂചന. ബോര്‍ഡ് അംഗങ്ങളുടെ ഈ ആവശ്യം നടപ്പായാല്‍ ആര്.ബി.ഐ.യുടെ തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഫലപ്രദമായി ഇടപെടാന്‍ പറ്റും. ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണര്‍മാരും ഉള്‍പ്പെടെ 18 അംഗങ്ങളാണ് ആര്.ബി.ഐ. സെന്‍ട്രല്‍ ബോര്‍ഡിലുള്ളത്. ഇതില്‍ ഒമ്പതുപേര്‍ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്.
Discussion about this post