ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാന്‍ ഇടത് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വനിതാ മതിലില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രമുഖരുള്‍പ്പടെ കേരളീയ സമൂഹം നിലപാടെടുക്കുമ്പോള്‍, അതിന് ബദലായ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച അയ്യപ്പ ജ്യോതി ചരിത്രമാക്കാനുള്ള ആവേശത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍. കേരളത്തിലെ ഹിന്ദു വനിതാ സമൂഹം ഒറ്റക്കെട്ടായി അയ്യപ്പ ജ്യോതിയില്‍ അണി നിരക്കുമ്പോള്‍ മത വിവേചനം പതിവാക്കിയ സിപിഎമ്മിനും, ഇടത് സര്‍ക്കാരിനും അത് വലിയൊരു മുന്നറിയിപ്പാകുമെന്നാണ് സംഘപരിവാര്‍ കണക്കു കൂട്ടല്‍. വിശ്വാസ സമൂഹത്തെ ഒറ്റക്കെട്ടായി അണി നിരത്താന്‍ അയ്യപ്പ ജ്യോതി വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്തു കൊണ്ട് ഡിസംബര്‍ 26 ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെ അയ്യപ്പ ജ്യോതി തെളിക്കാനാണ് ശബരിമല കര്‍മസമിതിയുടെ ആഹ്വാനം. മഞ്ചേശ്വരം മുതല്‍ അങ്കമാലി വരെ ദേശീയപാതയിലും അങ്കമാലി മുതല്‍ പാറശാല വരെ എം സി റോഡിലുമാവും അയ്യപ്പ ജ്യോതി.വിവിധ ഹിന്ദു സംഘടനകള്‍ കൊച്ചിയില്‍ ചേര്‍ന്ന കര്‍മസമിതി യോഗത്തില്‍ പങ്കെടുത്ത് പിന്തുണ അറിയിച്ചിരുന്നു. അയ്യപ്പ ജ്യോതിയില്‍ അണി നിരക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും അറിയിച്ചു. എസ്എന്‍ഡിപി യോഗം പരിപാടിയുമായി സഹകരിക്കുമെന്നാണ് ആര്‍എസ്എസ് നേതാക്കളുടെ പ്രതീക്ഷ. വെള്ളാപ്പള്ളി നടേശനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ശബരിമല കര്‍മസമിതി നേതാക്കള്‍ അറിയിച്ചു.
വൈകിട്ട് ആറ് മുതലാണ് വിശ്വാസത്തിന്റെ ഐക്യം ഉറപ്പിക്കുന്ന ദീപം കേരളമൊട്ടുക്ക് തെളിയുക.
‘മതിലിന് ബദല്‍ എന്ന നിലയിലല്ല അയ്യപ്പ ജ്യോതി എന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. അതേസമയം യുവതി പ്രവേശം സാധ്യമാക്കാനുള്ള കുതന്ത്രമായ വനിത മതിലിനോടുള്ള പ്രതിഷേധമാണ് അയ്യപ്പ ജ്യോതി. കഴിയുന്നത്ര സ്ത്രീകളെ ഇറക്കി അയ്യപ്പജ്യോതി തെളിയിക്കും. പുരുഷന്മാരും ഉണ്ടാവും. ആചാരസംരക്ഷണത്തിനും അയ്യപ്പ ധര്‍മ്മം കാത്തുസൂക്ഷിക്കാനുമായാണ് ജ്യോതി തെളിയിക്കുന്നത്’ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ വനിത മതിലിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തില്‍ നിന്ന് ഉയരുന്നത്. വര്‍ഗ്ഗീയ മതില്, ജാതി മതില് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയത്. പല പ്രമുഖരും വനിത മതിലിനെതിരെ രംഗത്തെത്തി. സര്‍ക്കാര്‍ പരിപാടികളോട് സഹകരിക്കാറുള്ള പ്രമുഖ നടി മഞ്ജു വാര്യര്‍ വനിത മതിലിനെ പിന്തുണക്കില്ലെന്ന് അറിയിച്ചു. അവര്‍ക്കെതിരെ സിപിഎം മന്ത്രിമാരായ ജി സുധാകരനും, എംഎം മണിയും രംഗത്തെത്തിയതും അതിന് പിറകെ സിപിഎം സൈബര്‍ അണികള്‍ നടിക്കെതിരെ അശ്ലീല പോസ്റ്റുകളുമായി രംഗത്തെത്തിയതും ചര്‍ച്ചയും. ബി രാജീവന്. സണ്ണി എം കപിക്കാട് തുടങ്ങിയ ഇടത് എഴുത്തുകാരും വനിത മതിലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ കെട്ടും മുമ്പേ വനിത മതില് പൊളിഞ്ഞുവെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ വനിതാ ജീവനക്കാരെയും, വിദ്യാര്‍ത്ഥിനികളെയും, ആശാ വര്‍ക്കര്‍, തൊഴിലുറപ്പ് പദ്ധതി കുടുംബശ്രീ പ്രവര്‍ത്തകരെയും വനിത മതിലില്‍ അണിനിരത്താനുള്ള നീക്കങ്ങള്‍ തടയുമെന്ന ആഹ്വാനവും സര്‍ക്കാരിന് തിരിച്ചടിയായി.
Discussion about this post