തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ക്ഷേത്രദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയ നീക്കങ്ങള്‍ തുടരാന്‍ പദ്ധതിയിടുന്നു. രാഹുലിന്റെ മണ്ഡലമായ അമേഠിയിലെ ക്ഷേത്രങ്ങള്‍ നവീകരിക്കാനാണ് രാഹുലിന്റെ പദ്ധതി. എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നവീകരണം നടത്താനാണ് പദ്ധതി.
അമേഠിയിലെ കാളികന്‍ ദേവി സംഗ്രംപൂര്‍, ഗൗരിഗഞ്ച് ദുര്‍ഗാക്ഷേത്രം, ഷാഗര്‍ ഭവാനി ക്ഷേത്രം എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 13 ക്ഷേത്രങ്ങള്‍ നവീകരിക്കപ്പെടും. ഈ ക്ഷേത്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതായിരിക്കും. കൂടാതെ ക്ഷേത്രങ്ങളെ മൊത്തത്തില്‍ സൗന്ദര്യവല്ക്കരിക്കുകയും ചെയ്യും. ഇതിന് പുറമെ ഹാര്‍മോണിയം, ഡോലക്, മഞ്ജീര തുടങ്ങിയ സംഗീതോപകരണങ്ങള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. അമേഠിയില്‍ മേളകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്കായി കുടിവെള്ള വിതരണവും നടത്തുമെന്ന് സ്ഥലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിക്കുന്നു.
അതേസമയം അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനായത് കൊണ്ടാണ് അമേഠിയില്‍ ക്ഷേത്രങ്ങള്‍ നവീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വിമര്‍ശിച്ചു. ക്ഷേത്രങ്ങള്‍ നവീകരിക്കുന്നത് നല്ല കാര്യമാണെങ്കിലും ഈ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഉമാശങ്കര്‍ പാണ്ഡെ ചൂണ്ടിക്കാട്ടി.
അതേസമയം രാഹുലിന് തന്റെ മതപരമായ വ്യക്തിത്വം വെളിപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരമാണ് ജനുവരിയില്‍ ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില് നടക്കാനിരിക്കുന്ന കുംഭ മേളയെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post