നരേന്ദ്രമോദി സര്‍ക്കാരിന് വലിയ ജനപിന്തുണയുണ്ടെന്ന് വ്യക്തമാക്കി സര്‍വ്വേ. ‘ഇന്‍ ഷോര്‍ട്ട്സ്’ എന്ന ഏജന്‍സി ഡിസംബര്‍ ആദ്യ ആഴ്ചയില്‍ നടത്തിയ സര്‍വ്വേയില്‍ 56 ശതമാനം പേരാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയത്. തങ്ങളുടെ പണം ഭരണകര്‍ത്താക്കള്‍ ശരിയായി ഉപയോഗിക്കുന്നുവെന്ന് കരുതുന്നവര്‍ 51 ശതമാനമാണ്. 1.47 ലക്ഷം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. അഴിമതിയും കോര്‍പ്പറേറ്റ് കുംഭകോണവും മുന്‍ സര്‍ക്കാരിനേക്കാള്‍ കുറഞ്ഞുവെന്നാണ് 51 ശതമാനവും കരുതുന്നത്. വെറും 20 ശതമാനം പേര് മാത്രമാണ് അതൊക്കെ പഴയപോലെയെന്ന് വിലയിരുത്തുന്നത്.
ആരോഗ്യ രംഗത്തും, സാനിറ്റേഷന്‍ രംഗത്തു സര്‍ക്കാര്‍ നാല് വര്‍ഷത്തിനിടെ വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. 62 ശതമാനം പേര് നാലര വര്‍ഷം കൊണ്ട് ഈ മേഖലയില്‍ വലിയ മാറ്റം വന്നുവെന്ന് കരുതുന്നിവെന്ന് ഇന്‍ഷോര്‍ട്ട് സിഇഒ അസ്ഹര്‍ ഇഖ്ബാല്‍ പറഞ്ഞു. അതേസമയം 55 ശതമാനം പേര് വിദേശത്ത് നിന്ന് കള്ളപ്പണമെത്തിക്കുന്നതില് വാഗ്ദാനം പാലിക്കാന്‍ മുഴുവനായും കഴിഞ്ഞില്ലെന്ന് വിലയിരുത്തുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം തേടി മറ്റൊരു ദേശീയ മാദ്ധ്യമം നടത്തിയ സര്‍വേയിലെ ഫലങ്ങള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. അടല്‍ ബിഹാരി വാജ്പേയിയോ ഇന്ദിരാ ഗാന്ധിയോ അല്ല ജനമനസില്‍ ഇടം നേടിയ ഇന്ത്യന്‍ പ്രധാനമന്ത്രി. മറിച്ച് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് മികച്ച പ്രധാനമന്ത്രിയായി ജനങ്ങള്‍ തിരഞ്ഞെടുത്തത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 26 ശതമാനം പേരും മോദിയെയാണ് തിരഞ്ഞെടുത്തത്. 23 ശതമാനം വോട്ടുമായി തൊട്ടുപിറകില്‍ ഇന്ദിരാ ഗാന്ധിയും മൂന്നാം സ്ഥാനത്ത് അടല്‍ ബിഹാരി വാജ്പേയിയുമുണ്ട്.
12,100 പേര് പങ്കെടുത്ത സര്‍വേയില്‍ 12 ശതമാനം പേരാണ് വാജ്പേയിയെ ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റുവിന് 10 ശതമാനം വോട്ടുകള്‍ കിട്ടി. എന്നാല്‍ ജെ.ഡി.എസ് നേതാവ് എച്.ഡി.ദേവഗൗഡ, പി.വി.നരസിംഹ റാവു എന്നിവരാണ് പട്ടികയില്‍ അവസാനമെത്തിയത്. എച്.ഡി.ദേവഗൗഡ, പി.വി.നരസിംഹ റാവു, ചന്ദ്രശേഖര്‍, വി.പി.സിംഗ് എന്നിവര്‍ക്ക് ഒരു ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. യഥാക്രമം ഏഴും ആറും ശതമാനം വോട്ടുകള്‍ നേടിയ മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും മന്മോഹന് സിംഗും അഞ്ചും ഏഴും സ്ഥാനങ്ങളാണ് നേടിയത്.
Discussion about this post