നിലവില്‍ ഇന്ത്യയില്‍ രാജ്യസ്നേഹികളാകുന്നത് നല്ല കാര്യമല്ലായെന്ന രീതിയില്‍ പ്രചരണം നടക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. ദേശീയ ഗാനം പാടുമ്പോള്‍ എന്തിന് കണ്ണീര് പൊടിയണം, എന്തിന് നമ്മള് എഴുന്നേറ്റ് നില്‍ക്കണം, എന്ന രീതിയിലാണ് ഈ പ്രചരണങ്ങള്‍ പോകുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ‘ഭാരതത്തെ നൂറ് കഷണങ്ങളായി വിഭജിക്കും’ എന്ന് പറയുന്നതാണ് ജനാധിപത്യത്തെ ആഘോഷിക്കുന്നതിന്റെ ഏറ്റവും നല്ല രീതിയെന്നും ചിലര്‍ പറയുന്നു. താന്‍ അതിനോട് ഒട്ടും തന്നെ യോജിക്കുന്നില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. റിപബ്ലിക് ടി.വി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യയെ താന്‍ സ്നേഹിക്കുന്നുണ്ടെന്നും അതിന് കാവിയുമായി ബന്ധമില്ലെന്നും സ്മൃതി ഇറാനി മുന്‍പ് പറഞ്ഞിരുന്നു. താന്‍ പറഞ്ഞതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. രാജ്യത്തെ സ്നേഹിക്കുന്നതിലോ രാജ്യത്തിന്റെ പതാകയെ സ്നേഹിക്കുന്നതിലൊ ഇന്ത്യയിലെ ഒരു പൗരന് എന്തിന് ഖേദിക്കണമെന്നും അവര്‍ ചോദിച്ചു. ‘ചിലര്‍ പറയുന്നു ‘നിങ്ങളുടെ രാഷ്ട്രസ്നേഹം വര്ഗ്ഗീയപരമാണ്. എന്റെ രാഷ്ട്രസ്നേഹം മതേതരമാണ്’. ഇത് വെറുപ്പുളവാക്കുന്ന പ്രസ്താവനകളാണ്,’ സ്മൃതി ഇറാനി പറഞ്ഞു.
തീയ്യേറ്ററുകളില്‍ ദേശീയ ഗാനം ആലപിച്ചല്ല ജനങ്ങളുടെ രാഷ്ട്രസ്നേഹത്തെ അളക്കേണ്ടതെന്ന് സംവാദത്തില്‍ കൂടെയുണ്ടായിരുന്ന നടന് കമല്‍ ഹാസന് പറഞ്ഞു.
എന്നാല്‍ തീയ്യേറ്ററുകളില്‍ രാഷ്ട്രസ്നേഹം അളക്കപ്പെടുകയല്ലായെന്നും വളരെയധികം വ്യത്യാസങ്ങളുള്ള ജനത തീയ്യേറ്ററിലെത്തുമ്പോള് തങ്ങള്‍ക്കിടയില്‍ സമാന്യതയുള്ള ഒരു കാര്യമാണ് രാഷ്ട്രസ്നേഹമെന്ന കാര്യമാണ് അവിടെ ആഘോഷിക്കപ്പെടുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ഇന്ത്യയുടെ ഐ.എഫ്.എഫ്.ഐയുടെ പരിപാടിക്കിടെ സാങ്കേതിക തകരാറുകള്‍ മൂലം ദേശീയ ഗാനം നിലച്ചപ്പോള്‍ ഇന്ത്യക്കാരായിരുന്നവരെല്ലാം ഒരേ സ്വരത്തില്‍ ദേശീയ ഗാനം ആലപിച്ചിരുന്നുവെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി.
വീഡിയോ
<
Discussion about this post