തമിഴ്‌നാട്ടിലെ സ്ത്രീശാക്തീകരണ സംഘമായ ‘മനിതി’യുടെ കീഴിലുള്ള യുവതികള്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ശബരിമലയില്‍ ദര്‍ശനം നടത്താനായി പമ്പയില്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കാന്‍ തന്ത്രിക്ക് പന്തളം രാജകുടുംബം നിര്‍ദ്ദേശം നല്‍കി. 11 യുവതികള്‍ അടങ്ങുന്ന സംഘമാണ് പമ്പയിലെത്തിയിട്ടുള്ളത്.
യുവതികള്‍ക്ക് ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ടെന്ന് പന്തളം രാജകുടുംബം വക്താവ് ശശികുമാര വര്‍മ്മ ആരോപിച്ചു. ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ നിലയ്ക്കലില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വ്വീസ് നിര്‍ത്തി വെച്ചതിനാല്‍ സന്നിധാനത്തെത്താനാവാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് ‘മനിതി’യിലെ യുവതികളെ പോലീസ് വാഹനത്തില്‍ കയറ്റിയാണ് പമ്പയിലെത്തിച്ചതെന്ന് ശശികുമാര വര്‍മ്മ ചൂണ്ടിക്കാട്ടി.
കൂടാതെ യുവതികളുടെ സംഘത്തില്‍ പലര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ഇതേപ്പറ്റി പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ശബരിമലയില്‍ കയറ്റാന്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
ഇത് കൂടാതെ ഇന്ന് തങ്ക അങ്കിയുടെ ഘോഷയാത്ര മുടക്കാന്‍ വേണ്ടിയാണോ യുവതികളുടെ സംഘം ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നും ശശികുമാര വര്‍മ്മ സംശയം പ്രകടിപ്പിച്ചു.
Discussion about this post