സന്നിധാനത്ത് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ‘മനിതി’ എന്ന സംഘടനയില്‍ നിന്നും ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികള്‍ക്ക് സംരംക്ഷണം നല്‍കാന്‍ സാധിക്കില്ലെന്ന് പോലീസ് പറഞ്ഞു. തിരക്കില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് പോലീസ് വ്യക്തമാക്കുന്നു. ‘മനിതി’ സംഘടനയില്‍ നിന്നും ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താന്‍ പതിനൊന്ന് യുവതികളാണ് എത്തിയിട്ടുള്ളത്. ഇവരെ പമ്പയില്‍ ഭക്തജനങ്ങള്‍ തടഞ്ഞിട്ടുണ്ട്.
‘മനിതി’ പ്രവര്‍ത്തകരോട് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലായെന്ന കാര്യം പോലീസ് ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്ന് ‘മനിതി’ നേതാവ് ശെല്‍വി പറഞ്ഞു. പോലീസ് ഇക്കാര്യം പറഞ്ഞാല്‍ തങ്ങള്‍ തിരിച്ച് പോകുമെന്ന് ശെല്‍വി പറഞ്ഞു. ‘മനിതി’ സംഘത്തോട് തിരികെ പോകാന്‍ പോലീസ് പറഞ്ഞിട്ടില്ല. ശബരില ദര്‍ശനം നടത്തുമെന്ന തീരുമാനത്തില്‍ നിന്നും ഇവര്‍ സ്വയം പിന്മാറുമെന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്. സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന് പോലീസ് പറയുകയാണെങ്കില്‍ ആ നിലപാടിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ശെല്‍വി വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല ദര്‍ശനം നടത്താന്‍ ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ശെല്‍വി പറയുന്നു.
കോടതി വിധി നടപ്പാക്കുന്നതിന് മുന്‍പ് തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും പോലീസ് വ്യക്തമാക്കി. യുവതികള്‍ പ്രവേശിക്കരുതെന്ന ആവശ്യവുമായി നിരവധി ഭക്തജനങ്ങള്‍ പമ്പയില്‍ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post