നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദവുമായി ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനിരിക്കുന്ന വനിതാ മതിലില്‍ നിര്‍ബന്ധമായി പങ്കെടുപ്പിക്കാനുള്ള സമ്മര്‍ദ്ദം സര്‍ക്കാര്‍ ചെലുത്തുന്നുവെന്ന വാദം കൂടുതല്‍ ശക്തമാകുന്നു. നിലവില്‍ മതില് പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പല കുടുംബശ്രീ യൂണിറ്റുകളും പിരിച്ച് വിടുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇത് കൂടാതെ പങ്കെടുക്കാത്തവര്‍ക്ക് വായ്പ നല്‍കുന്നത് വൈകിപ്പിക്കുമെന്നും ഭീഷണിയുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിമാരെ ഉപയോഗിച്ച് കുടുംബശ്രീ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആക്ഷേപമുണ്ട്.
അതേസമയം സ്കൂള്‍ ബസുകളും സ്വകാര്യ ബസുകളും നിര്‍ബന്ധപൂര്‍വ്വം പരിപാടിക്ക് വേണ്ടി വിട്ട് നല്‍കണമെന്ന സമ്മര്‍ദ്ദവും നടക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. പരിപാടിക്ക് വേണ്ടി ഡീസല്‍ നിറച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ ബസ് വിട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. പരിപാടിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഹാജര്‍ നല്‍കാനും ബ്ലോക്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാര്‍ഡ് തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗനവാടി ഹെല്‍പ്പര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ യോഗം ഇന്ന് വിളിച്ച് ചേര്‍ക്കുന്നതായിരിക്കും.
Discussion about this post