നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന വാദവുമായി നടത്താനിരിക്കുന്ന വനിതാ മതില് പരിപാടിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപോയഗിക്കില്ലെന്ന ഉറപ്പ് ലംഘിക്കപ്പെടുന്നു. ജനുവരി ഒന്നിന് നടത്താനിരിക്കുന്ന വനിതാ മതിലില്‍ സര്‍ക്കാര്‍ ആംബുലന്‍സുകളെയും ഡോക്ടര്‍മാരെയും ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നിരിക്കുകയാണ്.
ഡോക്ടര്‍മാരുടെയും ആംബുലന്‍സുകളുടെയും സേവനം നിര്‍ബന്ധമായും പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ഉത്തരവിലുള്ളത്. ഡിസംബര്‍ 14ന് ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനമനുസരിച്ച് പുറത്ത് വിട്ടിരിക്കുന്ന നിര്‍ദ്ദേശമാണിത്. കോഴിക്കോടുള്ള ഏതൊക്കെ ആശുപത്രികളില്‍ നിന്നുമാണ് ആംബുലന്‍സുകളെയും ഡോക്ടര്‍മാരുടെ സേവനത്തെയും ഉപയോഗിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പരിപാടി നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഡോക്ടര്‍മാരും ആംബലന്സുകളും ഹാജരാകണം എന്നും ഉത്തരവില്‍ പറയുന്നുണ്ട്.
വനിതാ മതില് പരിപാടിയില്‍ സര്‍ക്കാരിന്റെ ഫണ്ടോ സംവിധാനങ്ങളോ ഉപയോഗിക്കില്ലായെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഉറപ്പ് ലംഘിച്ചുകൊണ്ട് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
Discussion about this post