ശബരിമലയില്‍ പോലിസ് സംരക്ഷണയോടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം. സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട്, പോലിസ് സംരക്ഷണത്തോടെ രഹസ്യമായായിരുന്നു ആക്ടിവിസ്റ്റുകളായ യുവതികള്‍ക്ക് ദര്‍ശനം സൗകര്യം ഒരുക്കിയത്.
വനിതാ മതില്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കൂടിയാണെന്ന് മുഖ്യമന്ത്രിയും, സിപിഎം നേതാക്കളും പറഞ്ഞതിന് തൊട്ട് പിറകെയാണ് പോലിസ് സംരക്ഷണയില്‍ യുവതികള്‍ മല കയറിയത്. ഇതേ തുടര്‍ന്ന് എസ്എന്‍ഡിപിയിലാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. വനിതാ മതിലില്‍ അണനിരന്ന വിശ്വാസികളായ എസ്എന്‍ഡിപിക്കാരെ വഞ്ചിച്ചുവെന്നാണ് പൊതുവികാരം. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യോഗത്തിനകത്ത് ഉയര്‍ന്നിരുന്ന പ്രതിഷേധം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ശബരിമലയില്‍ ആചാരലംഘനം നടക്കില്ല, സമരം ചെയ്യാതെ കാത്തിരിക്കുകയാണ് വേണ്ടത് എന്നായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം. ഇത് മുഖവിലക്കെടുത്ത് കുറച്ചെങ്കിലും എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ അണി നിരന്നിരുന്നു. ഭൂരിക്ഷം പേരും വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം അനുസരിക്കാതെ വനിതാ മതിലില്‍ നിന്ന് വിട്ടു നിന്നു. അതൃപ്തിയുണ്ടെങ്കിലും നേതൃത്വത്തിനെതിരെ തിരിയാതിരുന്നവരാണ് ആചാരലംഘനം നടന്നതോടെ രംഗത്തെത്തുന്നത്.
ശബരിമലയില്‍ സുപ്രിം കോടതി അന്തിമ തീരുമാനം വരുംവരെ കാത്തിരിക്കണമെന്നാണ് വെള്ളാപ്പള്ളി അണികളോട് പറഞ്ഞിരുന്നത്. യുവതി പ്രവേശം ഉള്‍പ്പടെയുള്ള ആചാരലംഘനത്തിന് എസ്എന്‍ഡിപി എതിരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമരം ചെയ്യുന്നവരുടേത് അനാവശ്യ നടപടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ കൂട്ടു നിന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ വെള്ളാപ്പള്ളി ഇനിയെന്ത് പറയുമെന്നാണ് ചോദ്യം. യുവതികള്‍ കയറിയത് ശരിയായ നടപടിയെന്ന് വെള്ളാപ്പള്ളി സിപിഎമ്മിന് വേണ്ടി നിലപാട് എടുക്കുമോ എന്ന ആശങ്കയും ചിലര്‍ക്കുണ്ട്. അങ്ങനെ എങ്കില്‍ സംഘടന വിടാനാണ് പലരുടേയും തീരുമാനം. ഇക്കാര്യം അതത് ശാഖാ നേതൃത്വത്തെ അറിയിക്കും.
കടുത്ത നടപടികളിലേക്ക് വെള്ളാപ്പള്ളി നീങ്ങിയാല്‍ എസ്എന്‍ഡിപിയില്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നാണ് സൂചന. സംഘടന പിളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.
വനിതാ മതില്‍ ശബരിമല വിഷയത്തിലാണെന്ന് സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഇന്നലെ പറഞ്ഞതോടെ ഇനി അതേ വാദം അണികളെ ബോധ്യപ്പെടുത്താനാവില്ലെന്ന് വ്യക്തമായിട്ടുണ്ട്. കണിച്ചുകുളങ്ങരയില്‍ പോലും വനിത മതിലില്‍ യോഗം പ്രവര്‍ത്തകര്‍ അണിനിരക്കാതിരുന്നത് വെള്ളാപ്പള്ളിയെ ഞെട്ടിച്ചിട്ടുണ്ട്. പല ശാഖകളും വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന പരസ്യ നിലപാട് എടുത്തിരുന്നു.
Discussion about this post