കോഴിക്കോട് : ശബരിമല വിഷയത്തില്‍ കേരളത്തിലുടനീളം നടക്കുന്ന അക്രമപ്രവര്‍ത്തനങ്ങളുടെ പേരില്‍ ആദ്യം അറസ്റ്റു ചെയ്യേണ്ടത് പിണറായി വിജയനെയാണെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. ഒരു ഉളുപ്പുമില്ലാതെയാണു മുഖ്യമന്ത്രി കല്ലുവച്ച നുണ പറയുന്നതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.സമാധാനത്തിലേക്കു മടങ്ങിവന്ന ശബരിമലയെ തീക്കുണ്ഡമാക്കിയതു പിണറായിയാണ്.
പൂച്ച പാലുകുടിക്കുന്നതുപോലെ കണ്ണടച്ചു പാലുകുടിച്ചാല്‍ ആരുമറിയില്ലെന്നാണു പിണറായിയുടെ വിചാരം. മുന്നൊരുക്കം 2019 പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കെ. സുധാകരന്. കല്ലേറില്‍ പരുക്കേറ്റയാള്‍ ആശുപത്രിയില്‍ മരിച്ചപ്പോള്‍ മരണകാരണം ഹൃദയാഘാതമാണെന്നു പോസ്റ്റുമോര്ട്ടത്തിനുമുന്പ് മുഖ്യമന്ത്രി പറഞ്ഞു. ധര്‍മടത്ത് ഊരിപ്പിടിച്ച വാളിനിടയില്ക്കൂടെ പിണറായി കോളജില്‍ പോയത് സയന്‍സ് പഠിക്കാനല്ല, ആര്‍ട്സ് വിഷയം പഠിക്കാനാണെന്നാണ് അറിവ്.
‘കനകബിന്ദു’മാരുടെ ഓരോ ചലനവും പിണറായി വിജയന് പിന്തുടരുന്നുണ്ടായിരുന്നു. പിണറായിയാണു സംഭവം ആദ്യമായി സ്ഥിരീകരിച്ചതെന്നതും പാര്‍ട്ടി ചാനലിലാണു വാര്‍ത്ത ആദ്യം വന്നതെന്നതും ഇതിനു തെളിവാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണു യുവതികള്‍ മല കയറിയത് എന്നതിനു തെളിവുകളുണ്ടെന്നും സുധാകരന് പറഞ്ഞു. എസ്എഫ്ഐയുടെ മട്ടന്നൂര്‍ ഏരിയ മുന്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പൊലീസുകാരന് ഷിജിത്ത് യുവതികളെയുംകൊണ്ടു വീരരാജ്പേട്ടയിലെ സീതാലക്ഷ്മി ലോഡ്ജില്‍ മുറിയെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളുണ്ട്. ഷിജിത്തും കൂടെയുള്ള രണ്ടു പൊലീസുകാരും ശബരിമല ഡ്യൂട്ടി ലിസ്റ്റില്‍ ഇല്ലാത്തവരാണ്. ഇവര്‍ക്കു പിണറായി അല്ലാതെ ആരാണ് ഉത്തരവാദിത്തം നല്‍കിയത്? മുഖ്യമന്ത്രി ഇതൊക്കെ ചെയ്തിട്ടാണു കേരളം കത്തിക്കരിഞ്ഞതും ഒരുജീവന് പൊലിഞ്ഞതും അളവില്ലാത്തത്ര പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതെന്നും സുധാരന് തുറന്നടിച്ചു.
കോണ്‍ഗ്രസുകാരെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചതെന്നു വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിണറായി ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന പൊലീസാണ് കേരളത്തിലുള്ളതെന്നും സുധാകരന് പരിഹസിച്ചു.
Discussion about this post