കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത് വലിയ തണുപ്പാണ്. കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പാണ് ഈ ശീതകാലത്ത് കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാറിലെ താപനില മൈനസ് മൂന്നാണ്. സാധാരണ ജനമേഖലയില്‍ പുനലൂരിലാണ് ഈ വര്‍ഷം ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത്. 16.2 ഡിഗ്രിയാണ് ഇവിടുത്തെ താപനില. മുപ്പതുവര്‍ഷം മുമ്പ് കോട്ടയത്ത് രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു ഈ കാലയളവിലെ ഏറ്റവും വലിയ തണുപ്പ്.
ഡിസംബറില്‍ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയിലായിരിക്കും അവസാനിക്കുക. ശരാശരി കുറഞ്ഞ താപനില 19 ഡിഗ്രിയാണ്. ഒന്നോ, രണ്ടോ ഡിഗ്രിയാണ് സാധാരണ കുറയുന്നത്. എന്നാല്‍ ഇത്തവണ കുറഞ്ഞത് നാല് ഡിഗ്രിയാണ്.
ഇത്തരത്തിലുള്ള വലിയ തണുപ്പിന്റെ കാരണം പാക്കിസ്ഥാനില്‍ നിന്നാണെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അതിര്‍ത്തി വഴിയെത്തിയ വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സ് അഥവാ പടിഞ്ഞാറന്‍ കാറ്റാണ് ഈ തണുപ്പിന് കാരണം. പൊതുവെ വടക്കന്‍ സംസ്ഥാനങ്ങളില്‍ അടിക്കാറുള്ള ഈ കാറ്റ് ഇത്തവണ ദക്ഷിണേന്ത്യയിലുമെത്തി. ഈ വരണ്ട കാറ്റ് പശ്ചിമഘട്ട പര്‍വ്വതനിരകള്‍ ആഗിരണം ചെയ്യുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിഭാസമാണ് തണുപ്പു കൂടാന്‍ കാരണം. മഴ മേഘങ്ങള്‍ അകന്ന് ആകാശം തെളിഞ്ഞതും കാറ്റിന് കരുത്തേക്കി. ഈ കുറഞ്ഞ താപനില ഒരു ആഴ്ച വരെ തുടരുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം ഉത്തരേന്ത്യയിലെ താപനിലയും കുറഞ്ഞ അവസ്ഥയിലാണ്. ഡല്‍ഹിയില്‍ 9 ഡിഗ്രിയും മഹാരാഷ്ട്രയില്‍ 5.9 ഡിഗ്രിയുമാണ് താപനില.
Discussion about this post