ചെന്നൈ: ബിജെപിയുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്. വാജ്പേയ് അല്ല മോദി. മോദിക്ക് കീഴിലുള്ള സഖ്യം ഒരിക്കലും ആരോഗ്യകരമായിരിക്കില്ല. മോദി സ്വയം വാജ്പേയിയുമായി തന്നെ താരമത്യപ്പെടുന്നത് വിരോധാഭാസമാണെന്നും സ്റ്റാലിന് പറഞ്ഞു. തമിഴ്നാട്ടില്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പാര്‍ട്ടികള്‍ക്കായി സഖ്യ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് സ്റ്റാലിന്റെ പ്രതികരണം.
ഡിഎംകെ, എഐഡിഎംകെ, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സുപ്പര്സ്റ്റാര് രജനികാന്ത് എന്നിവരോട് ബിജെപി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിനാണ് മോദി ഉത്തരം നല്‍കിയത്.എഐഡിഎംകെ ബിജെപി പാളയത്തിലേക്ക് നീങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും മോദിയോട് പുലര്‍ത്തുന്ന അടുപ്പവും സഖ്യത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രജനികാന്തും മോദിയോട് അടുപ്പം പുലര്‍ത്തുന്നയാളാണ്.
അതേസമയം കോണ്‍ഗ്രസ് പാളയത്തിലേക്കാണ് ഡിഎംകെയുടെ പോക്ക്. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി സ്റ്റാലിന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മമത ബാനര്‍ജി ഉള്‍പ്പടെയുള്ല നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post