കാസര്‍കോഡ് വെച്ച് അറസ്റ്റിലായ മുഹ്ത്തസീം എന്ന തസ്ലീം പാക്കിസ്ഥാനുമായി ബന്ധമുള്ള സംഘത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യയ്ക്കെതിരെ ഗുരുതര നീക്കങ്ങള്‍ക്ക് പദ്ധതിയിട്ടുവെന്ന് സൂചനകള്‍. നിലവില്‍ ഡല്‍ഹി പോലീസ് ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ ബി.ജെ.പി നേതാക്കളെ വധിക്കാനുള്ള ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ഡല്‍ഹി പോലീസിന് ലഭിച്ചതായും സൂചനയുണ്ട്. വെള്ളിയാഴ്ച രാവിലെ 05:45ന് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നുമാണ് നല്പ്പത്തിയൊന്ന് വയസ്സുള്ള തസ്ലീമിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ കാസര്‍കോഡ് പോലീസിന്റെ സഹായത്തോടെയാണ് തസ്ലീമിനെ പിടികൂടിയത്.
കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി അനുമതി വാങ്ങിയ ശേഷമാണ് തസ്ലീമിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്. അതീവ രഹസ്യ സ്വഭാവമുള്ള കേസിലാണ് തസ്ലീമിന്റെ അറസ്റ്റ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ ജോലിക്കായി എത്തിയ തസ്ലീം ദുബായ് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രിയങ്കരനായി മാറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദുബായ് പോലീസിന്റെ ഇന്‍ഫോര്‍മറായും മാറിയിരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് ചാരായം നിര്‍മ്മിക്കുന്ന പ്രവൃത്തിയും ഇയാള്‍ക്കുണ്ടായിരുന്നു.
ഇതിനിടെ ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗമായി റോയിലെ ചില ഉദ്യോഗസ്ഥരുമായും തസ്ലീം ബന്ധം സ്ഥാപിച്ചെടുത്തുന്നു. തുടര്‍ന്ന് നാട്ടിലും താന്‍ റോയുടെ ആളാണെന്ന് പറഞ്ഞ് ഇയാള്‍ കുറച്ച് നാള് നടന്നിരുന്നു.
ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പും തസ്ലീം അറസ്റ്റിലായിട്ടുണ്ട്. 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. മുംബൈ വഴി കേരളത്തിലെത്തിച്ചു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
Discussion about this post