ഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് തള്ളി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍ ബംഗാളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുന്നതാണ് ബില്‍. ഈ രാജ്യങ്ങളില്‍നിന്നും 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുന്നത്.
ബംഗാളിലെ ഒരു കോടി ബംഗ്ലാദേശി അഭയാര്‍ത്ഥികളുടെ ഭാവി മാറ്റിമറിക്കുന്നതാണ് ബില്ലെന്ന് ബിജെപി അഭയാര്‍ത്ഥി സെല്‍ കണ്‍വീനര്‍ മോഹിത് റോയി പറഞ്ഞു. ”കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഭയാര്‍ത്ഥികളുടെ വികാരം ചൂഷണം ചെയ്ത് പാര്‍ട്ടികള്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. അഭയാര്‍ത്ഥികളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സിപിഎമ്മോ തൃണമൂലോ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. മോദിയുടേത് ചരിത്രപരമായ തീരുമാനമാണ്”-അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം രാജ്യങ്ങളില്‍നിന്നും മതപരമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ പലായനം ചെയ്യേണ്ടി വന്നവരാണ് ബംഗാളിലെ അഭയാര്‍ത്ഥികള്‍.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ അസമില്‍ പൗരത്വ രജിസറ്റര്‍ നടപ്പാക്കിയപ്പോള്‍ ലക്ഷക്കണക്കിന് ബംഗാളി ഹിന്ദുക്കള്‍ പുറത്തായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബിജെപി ബംഗാള്‍ വിരുദ്ധ പാര്‍ട്ടിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തി. പൗരത്വ ബില്‍ വന്നതോടെ ഇവര്‍ക്ക് അസം വിട്ട് പോകേണ്ടി വരില്ല. അടുത്ത ദിവസങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ബില്ലിനെക്കുറിച്ച് ബിജെപി ബോധവത്കരണം സംഘടിപ്പിക്കും.
ബംഗാളിലെ അതിര്‍ത്തിയിലെ നോര്‍ത്ത് 24 പര്‍ഗാനസ്, സൗത്ത് 24 പര്‍ഗാനസ്, കൂച്ച്ബിഹാര്‍, ഉത്തര്‍ ദിനാജ്പുര്‍, നാദിയ തുടങ്ങിയ ജില്ലകളിലാണ് അഭയാര്‍ത്ഥികള്‍ ഏറെയുള്ളത്. ഇവിടെ പന്ത്രണ്ടോളം ലോക്സഭാ സീറ്റുകളുണ്ട്. ആകെ 42 സീറ്റുകളാണ് ബംഗാളിലുള്ളത്. 22 സീറ്റുകളില്‍ ജയിക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.
പൗരത്വ ബില്‍ സംസ്ഥാനത്ത് രഷ്ട്രീയ ചര്‍ച്ചയായിട്ടുണ്ട്. ബിജെപി പ്രചാരണം ആരംഭിച്ചു. തൃണമൂലിന്റെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പ് വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയാല്‍ പിന്നാലെ സംസ്ഥാനത്ത് ഭരണം പിടിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്. സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും മറികടന്ന ബിജെപി സംസ്ഥാനത്ത് ഇപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സില്‍നിന്നും എംപിമാരുള്‍പ്പെടെ പ്രധാന നേതാക്കള്‍ അടുത്തിടെ ബിജെപിയിലെത്തിയിരുന്നു.
Discussion about this post