തലമറയ്ക്കാതെ നടക്കുന്നവരെ പിടിക്കാൻ റോഡുകൾ തോറും മതകാര്യ പോലീസ് കറങ്ങി നടന്ന ഒരു കാലമുണ്ടായിരുന്നു സൗദിക്ക് .. മുത്തവ വരുന്നു എന്നു കേട്ടാൽ ഓടുന്ന അവസ്ഥ.. സൗദിയെപ്പറ്റി പറയുമ്പോൾ മത നിയന്ത്രണം നടത്തുന്ന മുത്തവകളെപ്പറ്റി പറയാത്ത ഒരു മലയാളിയുമുണ്ടാകില്ല.. എവിടെയും എന്തിനും നിയന്ത്രണം.. .
എന്നാലിപ്പോൾ സൗദി മാറുകയാണ്…എല്ലാ അർത്ഥത്തിലും. പൂർവ്വികർ വെട്ടിയുണ്ടാക്കിയ റോഡുകളുടെ വളവും തിരിവും വരെ നേരെയാക്കി ആധുനികതയ്ക്കൊപ്പം ചേർന്ന് നിന്നാണ് ഇന്നത്തെ സൗദിയുടെ വളർച്ച. യുവരക്തം കീരിടവകാശിയായതോടെയാണ് മാറ്റങ്ങൾ പ്രകടമായതെന്ന് വേണം പറയാൻ. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സൗദി അറേബ്യ വിഷൻ 2030 ആണ് മാറ്റങ്ങൾക്കാധാരം. മുന്നോട്ടുള്ള പ്രയാണമാകട്ടെ ആണിനും പെണ്ണിനും തുല്യ പ്രാധാന്യം നൽകി, മതത്തിന്റെ അതിർവരമ്പുകൾ മാറ്റി നിർത്തിയാണ്.
ഇപ്പോഴിതാ വമ്പൻ ഫാഷൻഷോയിലൂടെ ഞെട്ടിപ്പിച്ചിരിക്കുകയാണ് സൗദി. ചരിത്രത്തിലാദ്യമായി സൗദി അറേബ്യ സ്വീം സ്യൂട്ട് ഫാഷൻ ഷോയ്ക്ക് ആതിഥേയത്വം വഹിച്ചു. ഒരു ദശാബ്ദത്തിന് മുൻപ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിഷ്‌കർഷിച്ച, നിയമം തെറ്റിക്കുന്നവരെ അടിച്ചോടിക്കാൻ പോലീസിനെ വിന്യസിച്ച നാട്ടിലാണ് ഇതെന്നോർക്കണം.
മൊറോക്കൻ ഡിസൈനറായ യാസ്മിൻ ഖാൻസായിയുടെ ഡിസൈനർ സ്വിം സ്യൂട്ടുകളാണ് വെള്ളിയാഴ്ച നടന്ന ഷോയിൽ അണിനിരത്തിയത്. ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകൾ ധരിച്ച മോഡലുകൾ ആത്മവിശ്വാസത്തോടെ ചുവടുവെച്ചു.റെഡ് സീ ഫാഷൻ വീക്കിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോർട്ടിൽ വച്ച് സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തിയത്. സിറിയയിൽ നിന്നുള്ള ഫാഷൻ ഇൻഫ്‌ലുവൻസറായ ഷൗഖ് മുഹമ്മദും ഷോയിൽ പങ്കെടുത്തിരുന്നു.
ഈ രാജ്യം വളരെ യാഥാസ്ഥിതികമാണെന്നത് ശരിയാണെങ്കിലും അറബ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സ്വിംസ്യൂട്ടുകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ഡിസൈനർ യാസ്മിൻ പറയുന്നു. സൗദി അറേബ്യയിൽ സ്വിംസ്യൂട്ട് ഫാഷൻ ഷോ നടത്തുക എന്നത് ചരിത്രപരമാണെന്ന് ഇങ്ങോട്ടു വന്നപ്പോൾ തന്നെ മനസ്സിലായി. കാരണം ഇതാദ്യമായാണ് ഇത്തരത്തിലൊന്ന് ഇവിടെ നടക്കുന്നത്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് ആദരമായി കരുതുന്നുവെന്നായിരുന്നു ഫാഷൻ ഷോയ്ക്ക് ശേഷമുള്ള അവരുടെ പ്രതികരണം.
ഒരുകാലത്ത് അടച്ചുപൂട്ടപ്പെട്ട സിനിമ തിയറ്ററുകളും സൗദിയിൽ ഇതിനോടകം തുറന്നു കഴിഞ്ഞൂ. ചരിത്രപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസുകളും നൽകിത്തുടങ്ങി. മനുഷ്യമനസ്സിനെ മതമുപയോഗിച്ച് തളച്ചിടാമെന്ന ചിന്തകൾക്കാണ് ഇപ്പോൾ അവസാനമാകുന്നത്.. അതെ കലയും സംഗീതവും ആഘോഷങ്ങളും ഒഴിവാക്കി മനുഷ്യനു നിലനിൽപ്പില്ലെന്ന തിരിച്ചറിവുകൾ സൗദിയേയും മാറ്റുകയാണ് ..
Discussion about this post