നിലയ്ക്കലില്‍ സ്വന്തം വീട്ടിലേക്ക് പോകവെ അട്ടത്തോട് നിവാസികളോട് പോലീസ് പാസ് ചോദിച്ചു. അട്ടത്തോട് താമസിക്കുന്ന സുജനെയാണ് നിലയ്ക്കല്‍ ഗോപുരം പടിക്കല്‍ വെച്ച് ഇന്നലെ രാവിലെ 11:30ന് പോലീസ് തടഞ്ഞത്. അട്ടത്തോട് നിവാസികള്‍ ആണെങ്കിലും ഗോപുരം പടികടന്ന് പോകണമെങ്കില്‍ പാസ് എടുക്കണമെന്ന് നിലയ്ക്കല്‍ സ്പെഷല്‍ ഓഫിസര്‍ നിര്ദേശിച്ചിട്ടുള്ളതിനാലാണ് ഇരുചക്രവാഹനങ്ങള്‍ തടയുന്നതെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നാട്ടുകാരോടു പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാരും പോലീസും തമ്മില്‍ വാക്കേറ്റം രൂക്ഷമായതോടെ യാത്രക്കാരെ പാസില്ലാതെ പോകാന്‍ പോലീസ് അനുവദിക്കുകയായിരുന്നു.
പോലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും വേണമെങ്കില്‍ പോലീസിന് തങ്ങളെ അറസ്റ്റ് ചെയ്യാമെന്നും നാട്ടുകാര്‍ വാദിച്ചു. ഇതിനിടെ പോലീസുകാര്‍ നിലയ്ക്കല്‍ കണ്ട്രോള് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇരു ചക്രവാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. അട്ടത്തോട് നിവാസികളുടെ ബൈക്ക് യാത്രയ്ക്ക് നിയന്ത്രണമുണ്ടാകില്ലെന്നും കളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നതായി നാട്ടുാകാരും പറഞ്ഞു.
നിലയ്ക്കല്‍ ഗോപുരം പടിക്കലിലുള്ള പോലീസുകാര്‍ തീര്‍ത്ഥാടകരോട് മോശമായി പെരുമാറുന്നുവെന്നും പരാതിയുണ്ട്. ഇന്നലെ പ്രായമായ സ്ത്രീകളെ പമ്പയിലേക്ക് പോകാന്‍ അനുവദിച്ചില്ല. ഇതര സംസ്ഥാനക്കാരായ മുതിര്‍ന്ന സ്ത്രീകളെ ബസില്‍ നിന്നു ഗോപുരം പടിക്കല്‍ ഇറക്കിയ ശേഷം പൊലീസ് വാഹനത്തില്‍ കണ്ട്രോള് ഓഫിസില്‍ എത്തിച്ച് തടഞ്ഞുവെക്കുകയും ചെയ്തു.
Discussion about this post